
ചേർപ്പ് : സിവിൽ സ്റ്റേഷൻ എസ്റ്റേറ്റ് ഓഫീസറായി എ.ഇ.ഒ സുനിൽ കുമാറിനെ ചുമതലപ്പെടുത്തിയും പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയും സി.സി.മുകുന്ദൻ എം.എൽ.എയുടെ നേതൃത്വത്തിൽ അടിയന്തര എസ്റ്റേറ്റ് കമ്മിറ്റി പുന:ക്രമീകരണം നടത്തി.
പതിനൊന്ന് സർക്കാർ ഓഫീസും രണ്ട് സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിലവിലുള്ള എസ്റ്റേറ്റ് കമ്മിറ്റി ചുമതല നിർവഹിക്കില്ലെന്ന പരാതികളെ തുടർന്നാണ് പരിഷ്കാരങ്ങൾ. സിവിൽ സ്റ്റേഷനുള്ളിലെ അനധികൃത കച്ചവടം അവസാനിപ്പിക്കൽ, പതിമൂന്ന് ഓഫീസിലെയും ശുചീകരണ തൊഴിലാളികൾ തരംതിരിച്ച അടിസ്ഥാനത്തിൽ ദിവസവും ശുചിമുറികൾ ശുചീകരിക്കാനും തീരുമാനമെടുത്തു.
ഇതോടൊപ്പം ഹരിതകർമ്മ സേനയെ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും നടത്തും.
സിവിൽ സ്റ്റേഷനിൽ 1.25 കോടിയുടെ ലിഫ്‌റ്റ് നിർമ്മാണവും പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ശുദ്ധജലത്തിനായി എം.എൽ.എ ഫണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വാട്ടർ കിയോസ്‌ക് നിർമ്മാണവും ഉടൻ പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് എം.എൽ.എ നിർദ്ദേശം നൽകി. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാധാകൃഷ്ണൻ, ജില്ലാപഞ്ചായത്ത് അംഗം വിജി വനജകുമാരി, പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, ഉദ്യോഗസ്ഥരായ റജീന, കെ.ശാലിനി, ഓഫീസിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.