1

തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കായി അവണൂരിൽ പതിച്ചുനൽകിയ ഭൂമി മാറ്റിവിനിയോഗം ചെയ്തതായും അർഹരായവർക്ക് ലഭിച്ചില്ലെന്നും കണ്ടെത്തിയതിനാൽ പട്ടയം ഉൾപ്പെടെയുള്ള രേഖകൾ റദ്ദാക്കാതിരിക്കാൻ 22ന് ഭൂവുടമകൾ രേഖകളുമായി ഹാജരാകണമെന്ന് കളക്ടർ.

മിച്ചഭൂമി പതിവുത്തരവോ പട്ടയമോ ലഭിച്ചശേഷം ഭൂമി കൈവശത്തിലെടുക്കാതിരികയോ, കൈവശത്തിലെടുത്ത് ഉപേക്ഷിച്ചു പോകുകയോ, ഭൂമി നിയമാനുസൃതമല്ലാതെ കൈമാറുകയോ ചെയ്തവർ പട്ടയം ഉൾപ്പെടെയുള്ള രേഖകളുമായി തൃശൂർ തഹസിൽദാർ അല്ലെങ്കിൽ അവണൂർ വില്ലേജ് ഓഫീസർ മുൻപാകെ ഹാജരാകണമെന്നാണ് അറിയിപ്പ്. അല്ലെങ്കിൽ പട്ടയം റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടി ആരംഭിക്കുമെന്ന് കളക്ടർ അറിയിച്ചു.

അവണൂർ വില്ലേജ് റീസർവേ നമ്പർ 33, 34, 35, 36, 37, 56, 57, 58 എന്നിവയിലായി സർക്കാർ മിച്ചഭൂമിയായി ഏറ്റെടുത്താണ് ശക്തൻ ബസ് സ്റ്റാൻഡ് നിർമ്മാണത്തിന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിച്ചത്. അവണൂർ അംബേദ്കർ നഗറിലായിരുന്നു അത്. ഭൂമി കിട്ടിയവർ കൈവശത്തിലെടുക്കാതിരിക്കുകയും പരിപാലിക്കാതിരിക്കുകയും ചെയ്തതിനാൽ പലരും അനധികൃതമായി കൈയേറിയിരുന്നു.

ചിലർ രജിസ്റ്റർ ചെയ്യാത്ത രേഖകൾ പ്രകാരം കൈമാറുകയും, അനധികൃതമായി കൈവശപ്പെടുത്തിയതായും വീട് വച്ച് താമസിച്ചു വരുന്നതായും, ഒരേ ഭൂമി നിരവധി തവണ നിയമാനുസൃതമല്ലാതെ കൈമാറ്റം നടന്നിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതേത്തുടർന്നാണ് നടപടി.