
മാള : അഷ്ടമിച്ചിറ - അന്നമനട പി.ഡബ്ല്യു.ഡി റോഡിൽ പാളയംപറമ്പ് മുതൽ തൈക്കൂട്ടം വരെയുള്ള ഭാഗത്ത് പുല്ല് വളർന്ന് കാടായതോടെ വളവുകളിൽ യാത്രക്കാരുടെ കാഴ്ച മറയുന്നു. പുൽക്കാടുകൾ വെട്ടി മാറ്റി റോഡ് വൃത്തിയാക്കണമെന്ന് പഞ്ചായത്തംഗങ്ങൾ അടക്കമുള്ളവർ പരാതിപ്പെട്ടിട്ടും പി.ഡബ്ല്യു.ഡി അധികൃതർ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല.
ഈ ഭാഗത്ത് സാമൂഹിക വിരുദ്ധർ മാലിന്യം തള്ളുന്നത് പതിവാണ്. റോഡിൽ നിന്നും ദുർഗന്ധം വരുമ്പോളാണ് മാലിന്യം തള്ളിയ വിവരം പൊതുജനം അറിയുക. മാലിന്യം കൂടുന്നതിന് അനുസരിച്ച് തെരുവുനായ്ക്കളുടെ ശല്യവും കൂടുന്നു. കാടുകുറ്റി പഞ്ചായത്തിന്റെ 1, 15, 16 വാർഡുകളുടെ പരിധിയിലാണ് പുല്ല് വളർന്നിട്ടുള്ളത്.
ഈ റോഡിന്റെ ഒരു വശത്ത് കൂടി സമ്പാളൂരിൽ നിന്നും കല്ലൂർ വരെ കുടിവെള്ള പദ്ധതിക്കായി താഴ്ത്തിയ ചാലുകൾ ടാറിംഗ് നടത്തി ഇനിയും ബലപ്പെടുത്താത്തതിനെ തുടർന്ന് ഭാരവാഹനങ്ങൾ ചാലുകളിൽ താഴുന്നത് പതിവാണ്. രണ്ടുമാസം മുമ്പ് നാലമ്പല തീർത്ഥാടകരുടെ ബസുകൾ വൈന്തല കമ്പനിപടിയിൽ താണിരുന്നു. മണിക്കൂറുകൾ നീണ്ട കഠിനപ്രയത്‌നത്തിന് ശേഷമാണ് ബസ് കയറ്റാൻ സാധിച്ചത്. റോഡിന്റെ വശങ്ങളിൽ കാട് വളർന്നതോടെ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ താഴ്ത്തിയ ചാലുകൾ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടാറില്ല.
'റോഡിലെ ഇരുവശത്തുമുള്ള കാടുകൾ എത്രയും വേഗം നീക്കം ചെയ്ത് അപകടസാഹചര്യം ഒഴിവാക്കണം'
കെ.സി.മനോജ്