 
മണ്ണുത്തി: കിഴങ്ങുവിള വികസന പദ്ധതി ഒറ്റത്തവണ പരിപാടിയായി അവസാനിപ്പിക്കരുതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലെ ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ) നടപ്പിലാക്കുന്ന കിഴങ്ങുവിള വികസന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അഖിലേന്ത്യാ തലത്തിൽ 100 പട്ടികജാതി കർഷകർക്കായി നടപ്പാക്കുന്ന പദ്ധതിയിലെ 70 പേരും ഇവിടെ നിന്നുള്ളവരാണ്. കോട്ടയം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഈ 70 കർഷകരിലൂടെ കിഴങ്ങുവിളയുടെ വികസനം മുടക്കമില്ലാതെ തുടരാനും സംസ്ഥാനത്ത് സാധ്യമായ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനും കഴിയണമെന്ന് മന്ത്രി പറഞ്ഞു. ഉത്പാദനോപാധികളുടെ വിതരണവും മന്ത്രി നിർവഹിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി അദ്ധ്യക്ഷനായി. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.