
രാഷ്ട്രീയ നോവലുകളുടെ നിരയിലാണോ 'കാട്ടൂർക്കടവ് "എന്നാണ് ചോദ്യമെങ്കിൽ, അങ്ങനെയാകുമോ എന്നറിയില്ലെന്നാകും അശോകൻ ചരുവിലിന്റെ മറുപടി. പക്ഷേ, അടിവരയിട്ട് അദ്ദേഹം പറയുന്നു: 'ഇതൊരു രാഷ്ട്രീയ പ്രചാരണത്തിനുള്ള കൃതിയല്ല, സമകാലിക സമൂഹത്തെ വിലയിരുത്താനുള്ള, സാമൂഹിക മുന്നേറ്റത്തിന്റെ നേർക്കാഴ്ചയാണ് ."
മലയാളത്തിലെ മികച്ച രാഷ്ട്രീയ നോവലുകളിലൊന്നായി 'കാട്ടൂർക്കടവ് " വിശേഷിപ്പിക്കപ്പെടാൻ കാരണങ്ങളേറെയുണ്ട്. നവോത്ഥാനകാലത്തെ ജനാധിപത്യവത്കരണം, സവർണ ഫ്യൂഡലിസത്തിന്റെ തകർച്ച, ദളിത് -അവർണ വിഭാഗങ്ങളുടെ സ്വത്വരാഷ്ട്രീയം, ദേശീയപ്രസ്ഥാനത്തെ തുടർന്നുള്ള ദളിത് വിമോചനം, ഇടതുപക്ഷത്തിന്റെ ഇടപെടൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പ്... അങ്ങനെ പലതും നോവലിൽ കഥാപാത്രങ്ങളായും കഥകളായും കടന്നുവരുന്നു.
ഇരിങ്ങാലക്കുടയ്ക്കു സമീപം കാട്ടൂരിൽ ജനിച്ചുവളർന്ന അശോകൻ ചരുവിലിന്റെ ആത്മാംശങ്ങളേറെയുണ്ട്, ഈ കൃതിയിൽ.
ആത്മവിചാരണ നടത്തുന്ന 'കെ" എന്ന എഴുത്തുകാരന്റെ കഥാപാത്രം ഒരുവേള കഥാകാരൻ തന്നെയാകും. ഈ കഥാപാത്രത്തിനെതിരെ ദിമിത്രി എന്ന കഥാപാത്രം പ്രതിനായകനായി വരുന്നു. കാട്ടൂരിനു പരിസരത്തുള്ള പ്രസ്ഥാനങ്ങളും ജീവിതങ്ങളുമെല്ലാം നോവലിന്റെ അടിവേരാകുന്നു. മീനാക്ഷി എന്ന ദളിത് കഥാപാത്രം തന്നെ ഉദാഹരണം. പാർട്ടിയുടെ ഭാഗമായ മീനാക്ഷിയുടെ, ഉയർന്ന ജാതിയിലെ കമ്മ്യൂണിസ്റ്റ് നേതാവുമായുള്ള പ്രണയവും വിവാഹവും അവരുടെ മകൻ പ്രധാന കഥാപാത്രമാകുന്നതുമെല്ലാം നോവൽ അടിവരയിടുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റ് വിരുദ്ധരും ആയവർക്ക് 'കാട്ടൂർക്കടവ് " ഒരനുഭവമായിത്തീർന്നുവെന്ന് വിശേഷിപ്പിച്ചവരുമുണ്ട്.
ഇതൊരു ദേശകേന്ദ്രീകൃത കൃതിയാണെന്ന് വിലയിരുത്തുമ്പോൾ, അതിന്റെ ഒരു സവിശേഷത ഡോ.എം. ലീലാവതി ചൂണ്ടക്കാണിക്കുന്നുണ്ട്. 'മലയാളത്തിലെ മറ്റ് ദേശകേന്ദ്രീകൃത കൃതികൾക്കില്ലാത്ത സവിശേഷത, ദേശപരിമിതികൾക്കപ്പുറമുള്ള കാലബദ്ധമായ രാഷ്ട്രീയാവസ്ഥ അതിലുൾപ്പെട്ട സാമാന്യരെ എത്ര ആഴത്തിൽ ബാധിച്ചുവെന്ന് അനുഭവപ്പെടുത്തുന്ന ആഖ്യാനമാണിത്."
വർഷങ്ങൾക്കു മുമ്പേ ഈ രചനയുടെ ഉറവകൾ എഴുത്തുകാരനിൽ ഊറിക്കൂടിയിരുന്നു. പക്ഷേ, കൊവിഡ് കാലത്താണ് രൂപരേഖ തയ്യാറായത്. അന്ന് മകനൊപ്പം ജർമ്മനിയിലിരുന്നാണ് കാട്ടൂർക്കടവിന്റെ പരിസരങ്ങൾ കുറിച്ചുവച്ചത്. 2018-ലെ പ്രളയവും പ്രധാനവിഷയമായി നോവലിൽ കടന്നുവന്നു. പ്രളയത്തിൽ തകർന്ന ഗ്രാമത്തെ പശ്ചാത്തലമാക്കിയുള്ള ജീവിതാപഗ്രഥനം കൂടിയുണ്ടെന്നു പറയാം. എഴുതിത്തുടങ്ങി ആറുമാസത്തിനുള്ളിൽ നോവൽ പിറന്നു. കനോലി കനാലിന്റെ പരിസരത്തെ അങ്ങാടികളും കാട്ടൂരങ്ങാടിയും ഈഴവ, ക്രിസ്ത്യാനി വിഭാഗങ്ങളിലുള്ളവരും സിലോണിൽ പോയ നാട്ടുകാരുമെല്ലാം കഥാപാത്രങ്ങളായി കയറിവന്നത് ജർമ്മനിയിലിരുന്നാണ്.
കഥയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ് , ചെറുകാട്, ഇടശ്ശേരി, പത്മരാജൻ, മുട്ടത്തു വർക്കി, അബുദാബി ശക്തി തുടങ്ങിയ അവാർഡുകൾ നേടിയിട്ടുണ്ട്. 'കാട്ടൂർക്കടവി"ന് ലഭിച്ച ആദ്യബഹുമതിയാണിത്. കാറളം ഹൈസ്‌കൂൾ, നാട്ടിക എസ്.എൻ.കോളേജ്, ഇരിങ്ങാലക്കുട എസ്.എൻ ട്രെയിനിംഗ് സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു അശോകൻ ചരുവിലിന്റെ വിദ്യാഭ്യാസം. കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റായ അശോകൻ ചരുവിൽ, രജിസ്‌ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. കേരള പബ്ലിക് സർവീസ് കമ്മിഷനിൽ അംഗമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം വൈസ് പ്രസിഡന്റായ അദ്ദേഹം മുൻപ് ജനറൽ സെക്രട്ടറിയായിരുന്നു.
സൂര്യകാന്തികളുടെ നഗരം, പരിചിതഗന്ധങ്ങൾ, ഒരു രാത്രിക്ക് ഒരു പകൽ, മരിച്ചവരുടെ കടൽ, കഥകളിലെ വീട്, ദൈവവിശ്വാസത്തെക്കുറിച്ച് ഒരു ലഘുപന്യാസം, ചിമ്മിനി വെളിച്ചത്തിൽ പ്രകാശിക്കുന്ന ലോകം, കങ്കാരു നൃത്തം, അശോകൻ ചരുവിലിന്റെ കഥകൾ, ക്ലർക്കുമാരുടെ ജീവിതം, കാട്ടൂർക്കടവിലെ ക്രൂരകൃത്യം, ചതുരവും സ്ത്രീകളും തുടങ്ങിയവയാണ് പ്രധാന കൃതികൾ. അദ്ധ്യാപകനായിരുന്ന സി.എ.രാജന്റെയും വി.എ. ചന്ദ്രമോഹനയുടെയും മകനാണ്. ഇരിങ്ങാലക്കുട അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ബ്രാഞ്ച് മാനേജരായിരുന്ന, പരേതയായ രഞ്ജിനിയാണ് ഭാര്യ. മക്കൾ: രാജ അശോകൻ (എൻജിനിയർ, ജർമ്മനി), ഹരികൃഷ്ണൻ (ഫിസിക്‌സ് റിസർച്ച്, ജർമനി). മരുമകൾ: നാദിയ (ജർമനി), ഷെറിൻ ആൻ മാത്യു.
ഒരു നാടിന്റെ സാമൂഹിക പരിവർത്തനവും ജീവിതങ്ങളുമെല്ലാം കൃതിയിൽ അടയാളപ്പെടുത്തുന്നുണ്ട്. വളരെ വലിയ എഴുത്തുകാർക്ക് കിട്ടിയ അവാർഡാണ് വയലാർ അവാർഡ്. ആ കാലഘട്ടത്തിലെ സാമൂഹിക ചരിത്രം ഈ നോവലിലൂടെ മനസിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു നോവൽ മാത്രമല്ല, എന്റെ ജീവിതം തന്നെയാണ് കാട്ടൂർക്കടവ്.
അശോകൻ ചരുവിൽ.