
കയ്പമംഗലം: എടത്തിരുത്തിയിൽ നാട്ടിക ഫർക്ക ശുദ്ധജല വിതരണ ശൃംഖലയിലെ പൈപ്പ് പൊട്ടലുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം. തീരദേശ പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണവും പുനരാരംഭിച്ചു. കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെയാണ് പൈപ്പിലെ ചോർച്ചയടച്ചത്.
രാത്രി പമ്പിംഗ് പുനരാരംഭിച്ചെങ്കിലും, തീരദേശത്ത് കുടിവെള്ളമെത്താൻ വൈകിയേക്കും. എടത്തിരുത്തി പഞ്ചായത്തിലെ ഏറാക്കൽ റോഡിലാണ് കഴിഞ്ഞ ദിവസം 700 എം.എം പൈപ്പ് പൊട്ടിയത്. നിരവധി തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും കഠിനപ്രയ്ത്‌നത്താലാണ് ചോർച്ചയടച്ചത്. എന്നാൽ ആദ്യം പൊട്ടിയ സ്ഥലത്ത് ചെറിയ ചോർച്ച ഇപ്പോഴുമുണ്ട്. അവിടെ ഏത് സമയത്തും പൈപ്പ് പൊട്ടാനുള്ള സാദ്ധ്യതയുണ്ട്. അശാസ്ത്രീയമായ അറ്റകുറ്റപ്പണി പലപ്പോഴും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
പൊട്ടിയ സ്ഥലത്ത് വലിയ പൈപ്പ് കട്ട് ചെയ്ത് കൂട്ടിച്ചേർക്കുന്ന ജോലിയാണ് ഇപ്പോൾ ചെയ്യുന്നത്. പൊട്ടിയ പൈപ്പ് മുഴുവനായി മാറ്റി വലിയ പൈപ്പ് ഇടുകയാണെങ്കിൽ ഇടയ്ക്കിടെ പൈപ്പ് പൊട്ടുകയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കാലപ്പഴക്കം ചെന്ന പൈപ്പിന് മുകളിലൂടെ ഭാരവാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നതും പൊട്ടലിന് കാരണമാകുന്നുണ്ട്. അടുത്ത പറമ്പിലേക്ക് കൽപ്പൊടി അടിക്കാൻ വന്ന വലിയ ടോറസ് ലോറി കുറെതവണ ഇതിലൂടെ പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുണ്ടാക്കിയതെന്ന് പ്രദേശവാസികൾ പറയുന്നു. ഇപ്പോഴും പൈപ്പ് പൊട്ടിയ സ്ഥലത്തെ റോഡ് അലങ്കോലമായ നിലയിലാണ്. വാഹനങ്ങൾ അടുത്ത പറമ്പിലൂടെയാണ് തിരിഞ്ഞുപോകുന്നത്.
ഓണത്തിന് മുമ്പേ തുടങ്ങിയതാണ് ഈ വെള്ളം കിട്ടാത്ത ദുരിതം. ഈ വീടും നാടും വിട്ട് പോയാലോ എന്നു കൂടി ആലോചിക്കുകയാണ്.
കമല
പ്രദേശവാസി