വടക്കാഞ്ചേരി: നായാട്ട് സംഘം മൃഗ വേട്ടയ്ക്ക് ഒരുക്കുന്ന കെണിയിൽ മനുഷ്യ ജീവനുകൾ ഇല്ലാതാകുമ്പോഴും നേരിടാനാകെ അധികൃതർ. വൈദ്യുതി ലൈനുകൾ, മോട്ടോർ പുരകൾ, ഒഴിഞ്ഞ സ്ഥലത്തെ വീടുകൾ എന്നിവിടങ്ങളിൽ നിന്നുമാണ് അനധികൃത പ്രവർത്തനങ്ങൾക്ക് വൈദ്യുതി ഉപയോഗിക്കുന്നത്. 2019 ജൂൺ 11 ന് ചെറുതുരുത്തി നെടുമ്പുര പന്നിയടി കാരാഞ്ചേരി പാടശേഖരത്ത് വൈദ്യുതിക്കെണിയിൽ കുടുങ്ങി കാരാഞ്ചേരി ഗോപിനാഥ് (59) മരണമടഞ്ഞിരുന്നു. കഴിഞ്ഞദിവസം തളി പിലക്കാട് കുണ്ടന്നൂർ ചീരമ്പത്തൂർ രവീന്ദ്രൻ (60), സഹോദരൻ അരവിന്ദാക്ഷൻ ( 56) എന്നിവരുടെ മരണവും വൈദ്യുതിക്കെണിയിൽ നിന്നാണ്. വൈദ്യുതി വകുപ്പിന് കാര്യക്ഷമമായ പരിശോധനയ്ക്ക് സംവിധാനവുമില്ല. ദുരന്തങ്ങൾ നടക്കുമ്പോൾ മാത്രമാണ് അധികൃതർ അറിയുന്നത്.
വേട്ടക്കാർക്ക് പ്രിയം പന്നികളോട്
പന്നികൾ, മ്ലാവുകൾ, മാൻ, മുള്ളൻ പന്നികൾ എന്നിവയാണ് വലിയതോതിൽ വേട്ടയ്ക്ക് ഇരയാകുന്നത്. പന്നികളോടാണ് വേട്ടക്കാർക്ക് കൂടുതൽ പ്രിയം. ഇറച്ചിക്ക് കിലോയ്ക്ക് ആയിരത്തിലധികം രൂപയ്ക്കാണ് വിൽപ്പന. പരിചയക്കാർക്ക് മാത്രം നൽകുന്നതിനാൽ വേട്ടക്കാരെ പിടികൂടൽ ദുഷ്‌കരമാണ്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ് വലിയ തോതിൽ കെണി ഒരുക്കുന്നത്. മുള്ളൂർക്കര വാഴക്കോട് 2023 ജൂൺ 14 ന് മണിയഞ്ചിറ റോയിയുടെ റബർ തോട്ടത്തിൽ കാട്ടുകൊമ്പനെ വൈദ്യുതി കെണിയിൽ കുരുക്കിക്കൊന്ന് കൊമ്പെടുത്ത സംഭവമാണ് നാടിനെ ഞെട്ടിച്ച പ്രമാദമായ മറ്റൊരു കേസ്. പ്രതികളിലൊരാളെ കൊമ്പിന്റെ ഭാഗവുമായി പിടികൂടിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.
മണത്തറിയാൻ കേരളത്തിൽ
ഒരു യൂണിറ്റ് മാത്രം
വന്യമൃഗവേട്ടക്കാരെ മണത്തറിയാൻ കേരളത്തിൽ ഒരു യൂണിറ്റ് മാത്രം. നിയമവിരുദ്ധ അക്രമം നടത്തുന്നത് മണത്തറിയാൻ പെരിയാർ ടൈഗർ റിസർവിലെ സ്‌നിഫർ ഡോഗുകൾ മാത്രമാണുള്ളത്. പ്രത്യേക പരിശീലനം ലഭിച്ച ജെനി, ജൂലി എന്നീ നായകളാണ് പരിശോധനകൾക്കെത്തുന്നത്. 2015ലാണ് ഇവർ വനം വകുപ്പിന്റെ ഭാഗമായത്. വൈദ്യുതി കെണി വേട്ട തടയാൻ വൈദ്യുതി വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് വനം വകുപ്പ് പറയുന്നു.