കൊടുങ്ങല്ലൂർ : മെക്കാനിക്, ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നിവരുടെ കുറവ് മൂലം കൊടുങ്ങല്ലൂരിലെ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ പ്രവർത്തനം പ്രതിസന്ധിയിൽ. ഭാഗികമായേ ഇവിടെ നിന്നും സർവീസ് നടത്താനാകുന്നുള്ളൂ. ബസുകളുടെ കാലപ്പഴക്കവും പ്രതിസന്ധി ഉണ്ടാക്കുന്നു. ഫാസ്റ്റ് പാസഞ്ചർ ബസിൽ 80 ശതമാനവും പഴയ മോഡലും പതിനഞ്ച് വർഷം പഴക്കമുള്ളതുമാണ്. അതിനാൽ സർവീസിനിടയിൽ വഴിയിൽ കിടക്കേണ്ടി വരുന്നത് പതിവാണ്. ഇത് ഭയന്ന് സ്ഥിരം യാത്രക്കാർ ബസിൽ കയറാതിരിക്കുന്നതും തിരിച്ചടിയാണ്. കഴിഞ്ഞ പത്ത് മാസമായി ജീവനക്കാർ ഇല്ലാത്തത് മൂലം എറണാകുളത്തേക്കുള്ള മൂന്ന് സർവീസ് നിറുത്തിവച്ചു.

ഇതേത്തുടർന്ന് ഓപ്പറേറ്റിംഗ് സെന്ററിനുണ്ടായിരുന്ന വരുമാനവും കുറഞ്ഞു. ആറ് മെക്കാനിക്കൽ ഒഴിവാണ് ഇവിടെയുള്ളത്. പന്ത്രണ്ട് ഡ്രൈവർമാരുടെയും എട്ട് കണ്ടക്ടർമാരുടെയും കുറവുണ്ട്. താത്കാലികമായി മൂന്ന് മെക്കാനിക്കൽ ജീവനക്കാരെ എടപ്പാൾ ഡിപ്പോയിൽ നിന്നും നിയോഗിച്ചിട്ടുണ്ടെങ്കിലും പതിനഞ്ച് ദിവസമാകുമ്പോൾ അവർ തിരിച്ചുപോകും. ഒന്നിലധികം ജീവനക്കാർ എക്‌സ്ട്രാ ഡ്യൂട്ടി ചെയ്താണ് സർവീസ് ഓപറേറ്റ് ചെയ്യുന്നത്. റിട്ടയർ ചെയ്തുപോയ ജീവനക്കാരുടെ ഒഴിവ് നികത്താത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

ടൂറിസം സെല്ല് ആശ്വാസം

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഉല്ലാസയാത്രയാണ് ഓപ്പറേറ്റിംഗ് സെന്ററിന് ഏക ആശ്വാസം. ഈ ഒക്ടോബർ മാസം പത്ത് പ്രോഗ്രാമാണ് യൂണിറ്റിൽ നിന്ന് സംഘടിപ്പിച്ചത്.

ജീവനക്കാരുടെ അഭാവം മേലാധികാരികളെ അറിയിച്ചെങ്കിലും നടപടികളൊന്നും ഇതുവരെയുണ്ടായിട്ടില്ല

ജീവനക്കാർ.