കൊരട്ടി: മേളത്തിന് കാലങ്ങളേയുള്ളു പ്രായമില്ല. വരുന്ന വിജയദശമിയിൽ വെസ്റ്റ് കൊരട്ടിയിൽ നടക്കുന്ന തിമിലയിലെ അപൂർവ അരങ്ങേറ്റം ഇതിന് തെളിവാകും. ആറംഗ സംഘത്തിൽ പ്രായക്കാർ 54 മുതൽ എൺപത്തിനാലുകാർ വരെയുള്ളവർ പരിശീലനം പൂർത്തിയാക്കി. മേളകുലപതി കുഴൂർ നാരായണ മാരാറുടെ സ്മരണകളാണ് സംഘത്തിന് പ്രചോദനം. കുഴൂരിന്റെ സന്തത സഹചാരിയും വാദ്യ കലയുടെ പ്രചാരകനുമായ എം.എൻ.എസ് നായരും തിമില വാദ്യം ഇടം തോളിൽ തൂക്കി വായനയ്ക്കുണ്ട്. കുഴൂർ നാരായണ മാരാർ ഫൗണ്ടേഷൻ കാര്യാലയത്തിൽ കഴിഞ്ഞ വിജയദശമിയിൽ തിമിലയിൽ ഹരിശ്രീ കുറിച്ചു. അന്നമനട മുരളീധരൻ മരാരുടെ ശിക്ഷണത്തിൽ ഒരു വർഷത്തിനകം വിജയകരമായി പരിശീലവും പൂർത്തിയാക്കി. 64 വയസുള്ള കെ.നാരായണൻകുട്ടി, 59 വയസുള്ള അശോക് കുമാർ പാലിയത്ത്, മഹേഷ്‌കുമാർ, ഗിരീഷ്‌കുമാർ, സി.പി.അനൂപ് എന്നിവരാണ് ഒപ്പമുള്ളത്. ഇതിൽ മറ്റു വാദ്യകലകൾ അഭ്യസിച്ചവരും ഉദ്യോഗസ്ഥരുമുണ്ട്. ഫൗണ്ടേഷൻ പ്രചാരണവുമായി ഓടിനടക്കുമ്പോൾ മേളങ്ങളെ അനുഭവിച്ചറിയാൻ കഴിയാത്തത് പോരായ്മയായി സുകുമരാൻ നായരെന്ന എം.എൻ.എസിന് തോന്നി. ഇതായിരുന്നു പ്രചോദനം.
പഞ്ചവാദ്യത്തെ നയിക്കുന്ന തിമിലയ്ക്ക് ശേഷം മറ്റു മേളങ്ങളിലേക്ക് ഇവർ കടക്കും. വെസ്റ്റ് കൊരട്ടിയിലെ ശതികണ്ഠപുരം മഹാദേവ ക്ഷേത്രത്തിലാണ് അരങ്ങേറ്റം.


കുഴൂർ നാരായണ മാരാർ ഫൗണ്ടേഷൻ കാര്യാലയത്തിന്റെ പ്രവർത്തനം വിപുലീകരിക്കും. ഏത് പ്രായക്കാർക്കും എല്ലാ മേളങ്ങളും അഭ്യസിക്കാനുള്ള സൗകര്യം ഒരുക്കും.
എം.എൻ.എസ് നായർ
ഫൗണ്ടേഷൻ സെക്രട്ടറി