തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തോട് ചേർന്ന് അഗ്രശാലയിൽ അഗ്‌നിബാധ. ഇന്നലെ രാത്രി 8.50നായിരുന്നു സംഭവം. നവരാത്രി ആഘോഷം നടന്നുകൊണ്ടിരിക്കെ അഗ്രശാലയുടെ രണ്ടാം നിലയിൽ നിന്ന് തീ ഉയരുകയായിരുന്നു. എ.സി, ഇന്റീരിയർ ഡെക്കറേഷൻ, കഞ്ഞി കൊടുക്കുന്ന പാളകളുൾപ്പെടെ കത്തിനശിച്ചു. എ.സിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് സൂചന. സംഭവം നടന്നയുടനെ തൃശൂർ ഫയർഫോഴ്‌സിന്റെ മൂന്ന് യൂണിറ്റെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്. തീ പടരുമ്പോൾ കലാപരിപാടിയിൽ പങ്കെടുക്കാനുള്ള കുട്ടികൾ അഗ്രശാലയിലുണ്ടായിരുന്നു. ഉടൻ ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 45 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം