 
തൃശൂർ: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ ചേലക്കരയിൽ സ്ഥാനാർത്ഥികളാരെന്ന ചർച്ചകൾ സജീവം. രാഷ്ട്രീയ സാഹചര്യത്തിനുസരിച്ച് ഒരാളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് മൂന്നു മുന്നണികളും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ഇന്നലെ ചേർന്നപ്പോൾ ഉയർന്നുവന്നത്, മൂന്നു പേരുകൾ. അന്തിമ തീരുമാനമായില്ലെങ്കിലും യു.ആർ. പ്രദീപിനാണ് ഇതിൽ കൂടുതൽ പരിഗണന.
മുൻ എം.എൽ.എയും ഇപ്പോൾ പട്ടികജാതി ക്ഷേമ ബോർഡ് ചെയർമാനുമാണ് യു.ആർ. പ്രദീപ്. മുൻ എം.പിയും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ പി.കെ. ബിജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. വാസു എന്നിവരാണ് എൽ.ഡി.എഫ് പരിഗണനയിലുള്ള മറ്റ്ത് രണ്ടുപേർ. രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമല്ലെന്ന പ്രചാരണം നിലനിൽക്കുമ്പോൾ സ്വന്തം മണ്ഡലത്തിൽ നിന്നുള്ള പ്രദീപിനെ കളത്തിലിറക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
യു.ഡി.എഫിലും പ്രമുഖർ
1996ൽ കൈവിട്ട ചേലക്കര തിരികെ പിടിക്കാനുള്ള സുവർണാവസരമായാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. അതിനാൽ ഏറ്റവും നല്ല സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണ് നീക്കം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന അന്ന് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. രമ്യ ഹരിദാസിന് ഒരവസരം കൂടി നൽകണമെന്ന താത്പര്യത്തിനാണ് മുൻതൂക്കം. കെ.എ. തുളസി, മണ്ഡലത്തിൽ തന്നെയുള്ള യുവനേതാവ് ശിവൻ വീട്ടിക്കുന്ന്, സി.സി. ശ്രീകുമാർ, എൻ.കെ. സുധീർ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. തൃശൂർ ഡി.സി.സി പ്രസിഡന്റിന്റെ ചുമതലയുള്ള വി.കെ. ശ്രീകണ്ഠൻ എം.പിയുടെ ഭാര്യയാണ് മുൻ വനിതാ കമ്മിഷൻ അംഗം കൂടിയായ കെ.എ. തുളസി.
കാര്യമായെടുത്ത് ബി.ജെ.പിയും
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര ഉൾപ്പെടുന്ന ആലത്തൂർ മണ്ഡലത്തിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ മുന്നേറ്റം കാഴ്ചവയ്ക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ബി.ജെ.പിക്കുണ്ട്. അതിനാൽ മികച്ച സ്ഥാനാർത്ഥിയെ തന്നെയാകും രംഗത്തിറക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷാജുമോൻ വട്ടേക്കാട് കാൽ ലക്ഷത്തോളം വോട്ട് നേടിയിരുന്നു. ടി.എൻ. സരസു, ഷാജുമോൻ വട്ടേക്കാട്, ലോചനൻ അമ്പാട്ട്, പ്രദേശിക നേതാവ് രാധാകൃഷ്ണൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
96 മുതൽ ഇടതിനൊപ്പെം
സ്ഥലം എം.എൽ.എയും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണൻ ആലത്തൂർ എം.പിയായതോടെയാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 1996ൽ കെ. രാധാകൃഷ്ണൻ മത്സരിക്കാനെത്തിയപ്പോഴായിരുന്നു കോൺഗ്രസ് കോട്ടയായിരുന്ന ചേലക്കര ഇടത്തോട്ട് ചാഞ്ഞത്. ആദ്യ മത്സരത്തിൽ കെ. രാധാകൃഷ്ണൻ 2323 വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർത്ഥി ടി.എ. രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്. 2001ൽ രാധാകൃഷ്ണനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത് കെ.എ. തുളസിയെയായിരുന്നു. ലീഡ് കുറഞ്ഞെങ്കിലും 1475 വോട്ടിന് രാധാകൃഷ്ണൻ തന്നെ ജയിച്ചു കയറി. 2006ൽ രാധാകൃഷ്ണൻ ലീഡുയർത്തി. യു.ഡി.എഫിന്റെ പി.സി. മണികണ്ഠനെതിരെ 14629 വോട്ടിനായിരുന്നു വിജയം. 2011ൽ കെ.ബി. ശശികുമാറിനെതിരെ 24676 വോട്ടുകൾക്ക് രാധാകൃഷ്ണൻ വിജയിച്ചു. 2016ൽ രാധാകൃഷ്ണൻ മാറി പ്രദീപ് മത്സരിച്ചപ്പോഴും വിജയം ഇടതിന് സ്വന്തം. 2021ൽ വീണ്ടും മത്സരരംഗത്തിറങ്ങിയപ്പോൾ കോൺഗ്രസിന്റെ സി.സി. ശ്രീകുമാറിനെതിരെ 39,400 വോട്ടിനാണ് രാധാകൃഷ്ണൻ വിജയിച്ചത്.