
വടക്കാഞ്ചേരി : സംസ്ഥാന സർക്കാരിന്റെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തി സംസ്ഥാനമൊട്ടുക്ക് ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ (ടേക്ക് എ ബ്രേക്ക്) വടക്കാഞ്ചേരി നഗരസഭയിലെ നിർമ്മാണം പാതിവഴിയിൽ. നാല് വർഷം മുമ്പ് സംസ്ഥാന പാതയോരത്ത് കുറാഞ്ചേരിയിലാണ് നിർമ്മാണം ആരംഭിച്ചത്. 2020ൽ ആരംഭിച്ച പദ്ധതിക്ക് രണ്ട് ഘട്ടമായി 51 ലക്ഷം രൂപ ചെലവഴിച്ചു. ലക്ഷക്കണക്കിന് രൂപയുടെ അസംസ്‌കൃതവസ്തുക്കളും വാങ്ങി. വ്യവഹാര നടപടികൾ നേരിടുന്ന സ്ഥലത്താണ് നിർമ്മാണം. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് ചേലക്കരയിൽ നിർവഹിച്ചപ്പോഴും വടക്കാഞ്ചേരിയിലേത് മൃതപ്രായമായ നിലയിലാണ്. വടക്കാഞ്ചേരിയിലേത് മാത്രമാണ് പൂർത്തീകരിക്കാത്തത്. ഓട്ടുപാറ പുഴ പാലത്തിന് സമീപം പട്ടികജാതി വർഗ വിഭാഗത്തിന്റെ ക്ഷേമം ലക്ഷ്യമിട്ട് ആരംഭിച്ച വഴിയോര വിശ്രമ കേന്ദ്രം ഇന്ന് വഴിവാണിഭക്കാരുടെ പിടിയിലാണ്. സാമ്പത്തിക പ്രതിസന്ധിയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് നഗരസഭയുടെ വിശദീകരണം. ഉടൻ പ്രശ്‌നപരിഹാരമുണ്ടാകുമെന്നും പറയുന്നു.
മുളങ്കുന്നത്തുകാവിലേത് ഭക്ഷണശാല !
മുളങ്കുന്നത്തുകാവ് പഞ്ചായത്ത് അത്താണി കെൽട്രോൺ നഗറിൽ ആരംഭിച്ച വഴിയോരവിശ്രമ കേന്ദ്രം പ്രഖ്യാപിത ലക്ഷ്യത്തിൽ നിന്ന് അകന്ന് പൂർണമായും ഹോട്ടലായി. പഞ്ചായത്ത് ഇത് കണ്ടില്ലെന്ന് നടിച്ചതോടെ ദുരിതം മുഴുവൻ യാത്രക്കാർക്കാണ്.
നിർമ്മാണ പ്രവർത്തനം ഉടൻ
നഗരസഭയിലെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം ഉടനാരംഭിക്കും. സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതിക്ക് തടസം. പൂർത്തിയാക്കിയ പ്രവർത്തനങ്ങളുടെ ബില്ല് മാറി കിട്ടുന്നതിന് തടസം നേരിട്ടു. ഈ പ്രതിസന്ധിക്ക് പരിഹാരമായിട്ടുണ്ട്. എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തീകരിച്ച് തുറന്നുകൊടുക്കും
എം.ആർ.അനൂപ് കിഷോർ
സ്ഥിരം സമിതി അദ്ധ്യക്ഷൻ
നഗരസഭ.
കുറാഞ്ചേരിയിൽ നിർമ്മാണം സ്തംഭിച്ച് കിടക്കുന്ന ടേക്ക് എ ബ്രേക്ക് കെട്ടിടം
മുളങ്കുന്നത്തുകാവിലെ വഴിയോര വിശ്രമ കേന്ദ്രം ഹോട്ടലാക്കിയ നിലയിൽ.