 
തൃശൂർ: അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കാൻ ഉത്തരവിട്ടതിനു ശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ കുഴിയിൽ വീണ് ടയർ പൊട്ടിയതിനുപിന്നാലെ ഹൈക്കോടതി രൂക്ഷവിമർശനം നടത്തിയിട്ടും തൃശൂർ - കുന്നംകുളം റോഡിലെ കുഴിയടയ്ക്കൽ പൂർത്തിയായില്ല. ടാറിട്ട് കുഴിയടച്ചിടത്തെല്ലാം ഒരേ നിരപ്പിലുമല്ല. ഉയർന്നും താഴ്ന്നുമുള്ള റോഡിലൂടെ ഇരുചക്ര വാഹനങ്ങൾ പോകുമ്പോൾ അപകടസാദ്ധ്യതയേറെയാണ്, പ്രത്യേകിച്ച് രാത്രികളിൽ.
കഴിഞ്ഞ ദിവസങ്ങളിൽ മഴ പൂർണമായി ഒഴിഞ്ഞതിനാൽ ടാറിംഗിന് അനുകൂലമായിരുന്നു. എന്നാൽ ഇന്നലെ മുതൽ മഴ വീണ്ടും പെയ്തു. ഇനി കേച്ചേരി മുതൽ മഴുവഞ്ചേരി വരെയുള്ള ഭാഗങ്ങളിലാണ് കുഴികൾ അടയ്ക്കാനുളളത്. കുറച്ച് തൊഴിലാളികളെ മാത്രം നിയോഗിക്കുന്നതിനാൽ പണി ഇഴയുകയാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം. പുഴയ്ക്കലിലും പേരാമംഗലത്തും മാത്രമാണ് കോൺക്രീറ്റിംഗ് പൂർത്തിയായത്, രണ്ടര കിലോമീറ്റർ ദൂരം. ഇവിടെ മാത്രമാണ് യാത്ര സുഗമമായത്. ഈ റോഡിലും മറ്റു ജോലികൾ ശേഷിക്കുന്നുണ്ട്.
റോഡ് പലയിടത്തും കുത്തിപ്പൊളിച്ച ശേഷം തുടങ്ങിയ പണികൾ, മഴക്കാലമായതോടെ യാത്രക്കാർക്ക് ഇരുട്ടടിയായിരുന്നു. അഞ്ചുമാസമായി ഭൂരിഭാഗം റോഡുകളും പൂർണമായും തകർന്ന നിലയിലായിരുന്നു.
ടെൻഡർ നടപടികൾ പത്തിന് പൂർത്തിയാക്കും
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പൂർണമായി കോൺക്രീറ്റ് ചെയ്യുന്ന തൃശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയുടെ നിർമാണത്തിന്റെ ടെൻഡർ പത്തിന് പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. നവംബറിൽ കോൺക്രീറ്റ് ജോലികൾ പുനരാരംഭിക്കാനാണ് നിർവഹണ ഏജൻസിയായ കെ.എസ്.ടി.പിയുടെ ലക്ഷ്യം. ഒമ്പത് മാസത്തിനുള്ളിൽ കോൺക്രീറ്റിംഗ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിർമാണം ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും കെ.എസ്.ടി.പി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇത്രയും കാലം ഇഴഞ്ഞുനീങ്ങിയ നിർമ്മാണം, തുലാമഴ കൂടി ശക്തമായാൽ നിശ്ചിതസമയത്തിൽ തീർക്കാനാകുമോയെന്നാണ് യാത്രക്കാരുടെ ആശങ്ക.
ആദ്യ കരാർ പ്രകാരം പൂർത്തിയായത്: 21% മാത്രം.
പണികൾ തുടങ്ങിയത്: 2021ൽ
ദൂരം: സ്വരാജ് റൗണ്ട് (പാറമേക്കാവ് ജംഗ്ഷൻ) മുതൽ കല്ലുംപുറം വരെ 33.34 കി.മീറ്റർ
ജൂണിൽ നിർമ്മാണത്തിന് അനുവദിച്ചത്: 29 ലക്ഷം രൂപ
നഗരത്തിലെ കുഴികളും അടച്ചില്ല
ഓണത്തിന് മുൻപ് തുടങ്ങിയ പൂത്തോൾ റോഡിന്റെ പണി ഇപ്പോഴും തീർന്നിട്ടില്ല. മഴ പെയ്താൽ ചെളിക്കുണ്ടാകും. വെയിലായാൽ പൊടി നിറയും. ഓട്ടോ ഡ്രൈവർമാർ ഈ വഴി ഒഴിവാക്കിയാണ് പോകുന്നത്. രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കുമുണ്ട്. പൂത്തോൾ മുതൽ ശങ്കരയ്യ ജംഗ്ഷൻ സിഗ്‌നൽ വരെ നിറയെ കുഴികളാണ്.