
ചാലക്കുടി: ഓണത്തിന് കാലാവധി കഴിഞ്ഞ് ഉപയോഗശൂന്യമായ അരി വിതരണം ചെയ്ത കുറ്റിക്കാട് ഫാർമേഴ്‌സ് ബാങ്ക് ഭരണസമിതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിന്റെ ഹെഡ് ഓഫീസിലേക്ക് എൽ.ഡി.എഫ് പരിയാരം മേഖലാ കമ്മിറ്റി അരി സഞ്ചിയുമായി മാർച്ചും ധർണയും സംഘടിപ്പിച്ചു. പോട്ടക്കാരൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് ബാങ്കിന്റെ ഹെഡ് ഓഫീസിന് മുന്നിൽ സമാപിച്ചു. ബാങ്കിന് മുന്നിൽ കഞ്ഞിവെച്ച് പ്രതിഷേധം അരങ്ങേറി. ചാലക്കുടി ഏരിയ എൽ.ഡി.എഫ് കൺവീനർ കെ.എസ്.അശോകൻ ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി അദ്ധ്യക്ഷനായി. പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, ജില്ലാപഞ്ചായത്തംഗം ജെനീഷ് പി.ജോസ്, എം.വി.ഗംഗാധരൻ, ഡെന്നീസ് കെ.ആന്റണി, സി.കെ.സഹജൻ, ജോർജ് വി.ഐനിക്കൽ, പി.ആർ.ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.