road
തകർന്നു കിടക്കുന്ന താണിശ്ശേരി -കള്ളിയോട് റോഡ്.

മാള : കുഴൂർ പഞ്ചായത്തിലെ തെക്കൻ താണിശ്ശേരി- കള്ളിയോട് റോഡിന്റെ ദുരിതാവസ്ഥയ്ക്ക് രണ്ടര വർഷം പിന്നിട്ടിട്ടും പരിഹാരമായില്ല. മെറ്റലും ടാറിംഗും ഇളകി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെ കാൽനടയാത്ര പോലും ദുഷ്‌കരമാണെങ്കിലും അതൊന്നും അധികൃതർ കണ്ട മട്ടില്ല. റോഡിന്റെ ശോചനീയാവസ്ഥ മൂലം പൊതുഗതാഗത സംവിധാനം പാടെ നിലച്ചു. ഓട്ടോക്കാരടക്കം ഈ റോഡിലൂടെ വരാൻ മടിക്കുകയാണ്. ഇരുചക്ര വാഹനയാത്രികർ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്. 11, 12, 14 വാർഡുകളിലുടെ കടന്നുപോകുന്ന റോഡ് മഠത്തുംപടി, ഐരാണിക്കുളം, താണിശ്ശേരി എന്നിവിടങ്ങളിലെ നാല് സ്‌കൂളുകളിലേക്കും താണിശ്ശേരിയിലെയും തിരുമുക്കളത്തെയും പള്ളികൾ, ക്ഷേത്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്കും എത്തിച്ചേരാനുള്ള പ്രധാന മാർഗമാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും തിരുമുക്കുളം പള്ളിയുടെ നേതൃത്വത്തിലും നിരവധി തവണ സമരങ്ങൾ നടത്തിയെങ്കിലും അധികൃതർ നിസംഗഭാവം തുടരുകയാണ്. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.

നവീകരണം പേരിലൊതുങ്ങി
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡിൽ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽപ്പെടുത്തി 2.34 കോടി ചെലവിൽ ഒരു വർഷം മുമ്പ് നവീകരണം ആരംഭിച്ചെങ്കിലും ചില കൽവർട്ടുകൾ നിർമ്മിച്ചതല്ലാതെ മറ്റ് പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. റോഡ് തകർച്ച രൂക്ഷമായപ്പോൾ പഞ്ചായത്ത് അംഗം പി.എസ്. സന്തോഷിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ റോഡിലെ ഭീമൻ കുഴികൾ കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചിരുന്നു. അതാണ് ഇക്കാലയളവിനുള്ളിൽ ഉണ്ടായ ഏകനടപടി.