ചെറുതുരുത്തി : കേരളത്തിന്റെ സാംസ്‌കാരിക ജില്ലയായ തൃശൂരിന്റെ അതിർത്തിയിൽ സാംസ്‌കാരിക കവാടം ഒരുങ്ങുന്നു. ജില്ലയെയും പാലക്കാട് ജില്ലയെയും ഒന്നിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് മുകളിലുള്ള കൊച്ചിൻ പാലത്തിന്റെ അരികിലാണ് സാംസ്‌കാരിക കവാടം ഒരുങ്ങുന്നത്. വള്ളത്തോൾ നഗർ പഞ്ചായത്താണ് കവാടം നിർമ്മിക്കുക.
സാംസ്‌കാരിക കവാടത്തിന്റെ ആദ്യഘട്ടം മൂന്ന് വർഷങ്ങൾക്ക് മുമ്പ് 20 ലക്ഷത്തോളം ചെലവഴിച്ച് വിവിധ കലാരൂപങ്ങളെയും സാംസ്‌കാരിക ചിഹ്നങ്ങളെയും ഉൾപ്പെടുത്തി നാല് തൂൺ നിർമ്മിച്ചിരുന്നു. ഈ തൂണുകളിൽ കലാമണ്ഡലം കൂത്തമ്പലം, കഥകളി, മോഹിനിയാട്ടം, തൃശൂർ പൂരം, വടക്കുന്നാഥൻ ക്ഷേത്രം, തൃശൂർ പുത്തൻപള്ളി, വെള്ളേപ്പ അങ്ങാടി, കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ്, പായ്ക്കപ്പൽ എന്നിവ കൊത്തിവെച്ചിട്ടുണ്ട്. പിന്നീട് ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാൽ പദ്ധതിയുടെ പ്രവർത്തനം നിറുത്തി. മൂന്നുവർഷങ്ങൾക്ക് ശേഷം പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് കവാടം നിർമ്മിക്കുന്നത്. പഴയ കൊച്ചിൻ പാലത്തിനും പുതിയ കൊച്ചിൻ പാലത്തിനും ഇടയിലാണ് കവാടം ഒരുങ്ങുന്നത്. ഓപ്പൺ സ്റ്റേജ് ഇരിപ്പിടങ്ങൾ, പൂക്കളും ചെടികളും കൊണ്ട് അലങ്കരിച്ച് പാർക്ക് രൂപത്തിലാണ് നിർമ്മാണ പ്രവർത്തനം നടക്കുക.
നിർമ്മാണ പ്രവർത്തനം തുടങ്ങി. മൂന്ന് മാസത്തിനകം പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നു നൽകും.
ഷെയ്ക്ക് അബ്ദുൽ ഖാദർ
പഞ്ചായത്ത് പ്രസിഡന്റ് .