
ചാലക്കുടി: മോതിരക്കണ്ണി പീലാർമുഴിയിൽ പകൽ സമയത്ത് കാട്ടാനകൂട്ടം ഇറങ്ങി. തുമ്പിക്കൈ ഇല്ലാത്ത കുട്ടിയടക്കം നാല് ആനകളാണ് മലയിൽ നിന്നുമെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കനാലിന്റെ മറുകരയിലെ മോഡൻപ്ലാക്കൽ ഷൈബുവിന്റെ പറമ്പിലെത്തിയ ആനകൾ ചെറിയ തോതിൽ കാർഷിക വിളകൾ നശിപ്പിച്ചു. ആളുകൾ ബഹളം വച്ചതോടെ ഇവ തിരിച്ചുപോയി. കോട്ടാമലയിൽ നിന്നാണ് ആനകൾ എത്തിയത്. കനാൽപ്പാലം കടന്ന് ആനകൾ മറുകരയിലെത്താറില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഈ വിശ്വാസത്തിനാണ് കോട്ടം തട്ടിയത്. ഇതോടെ ആളുകൾ അങ്കലാപ്പിലുമായി.