council-


കുന്നംകുളം: നഗരസഭാ കൗൺസിൽ യോഗത്തിൽ അജണ്ട ചർച്ച ചെയ്യുന്നതിനിടെ ഭരണപക്ഷ കൗൺസിലർ ബി.ജെ.പി കൗൺസിലറെ ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപണം. നഗരസഭാ കൗൺസിൽ യോഗത്തിൽ ബി.ജെ.പി കൗൺസിലർമാരുടെ പ്രതിഷേധം ശക്തമായതോടെ അജണ്ട ചർച്ച ചെയ്യാനാകാതെ യോഗം പിരിച്ചുവിട്ടു.

ഇന്നലെ ചേർന്ന യോഗത്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒമ്പതാമത്തെ അജണ്ട ചർച്ച ചെയ്യുന്നതിനിടെ ഭരണപക്ഷ കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.എം. സുരേഷ്, ബി.ജെ.പി കൗൺസിലർ ഗീത ശശിക്കെതിരെ ജാതി അധിക്ഷേപം നടത്തിയെന്നാണ് ആരോപണം. സംഭവത്തിൽ പി.എം. സുരേഷ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രന്റെ ഡയസിനു മുൻപിൽ ബി.ജെ.പി കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

നിരവധി തവണ ചെയർപേഴ്‌സൺ ബി.ജെ.പി കൗൺസിലർമാരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പ്രതിഷേധം ശക്തമായതോടെ അജണ്ടകൾ പാസായതായി പ്രഖ്യാപിച്ച് യോഗം പിരിച്ചുവിട്ടു. ജാതി അധിക്ഷേപം നടത്തിയ സംഭവത്തിൽ പൊലീസിൽ ഉൾപ്പെടെ പരാതി നൽകുമെന്ന് ഗീത ശശി അറിയിച്ചു. അജണ്ട ചർച്ച ചെയ്യുന്നതിനിടെ അടുത്ത അജണ്ട വായിക്കാൻ നിർദ്ദേശം നൽകിയ ചെയർപേഴ്‌സൺ സീത രവീന്ദ്രന്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാരും രംഗത്തെത്തി.

കൗൺസിൽ ക്ലാർക്കുമായി തട്ടിക്കയറിയ കോൺഗ്രസ് കൗൺസിലർമാർ ചെയർപേഴ്‌സന്റെ ഡയസിന് മുൻപിൽ നിന്ന് പ്രതിഷേധിച്ചു. വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ, കൗൺസിലർമാരായ കെ.കെ. മുരളി, പി.എം. സുരേഷ്, ബിജു സി. ബേബി, എ.എസ്. സുജീഷ്, സുനിൽകുമാർ, ബിനു പ്രസാദ്, ഗീത ശശി, ലബീബ് ഹസൻ, മിനി മോൻസി, ബീന രവി, തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.