rk4

കയ്പമംഗലം : ദേശീയപാത 66 ലെ കുഴിയടയ്ക്കൽ പ്രഹസനമായി മാറുന്നതായി ആക്ഷേപം. ചിലയിടത്ത് കൃത്യമായി ടാർ ഒഴിച്ച് ചെയ്യുമ്പോൾ പലയിടത്തും തട്ടിക്കൂട്ട് പരിപാടിയാണ് നടത്തുന്നതാണെന്നാണ് ഉയരുന്ന ആക്ഷേപം. കൃത്യമായ രീതിയിൽ ടാർ ഉപയോഗിക്കാത്തതിനാലാണ് പലയിടത്തും മെറ്റലിലളകി കുഴികളെല്ലാം പഴയപടിയാകുന്നത്. ദേശീയപാതാ നിർമ്മാണക്കമ്പനി തിങ്കളാഴ്ച രാവിലെ അടച്ച കുഴി ഇന്നലെ രാവിലെ വീണ്ടും പഴയപടിയായി. കാളമുറി സെന്ററിൽ ബൈപ്പാസ് റോഡിലെ ഭീമൻ കുഴിയാണ് ഇന്നലെ പഴയപടിയായത്. തിരക്കേറിയതും ഇടുങ്ങിയതുമായ ബൈപ്പാസ് റോഡിലെ പാതാളക്കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് തിങ്കളാഴ്ച രാവിലെ ദേശീയപാത നിർമ്മാണക്കമ്പനി അധികൃതരെത്തി മെറ്റലിട്ട് നാമമാത്രമായ ടാർ ഒഴിച്ച് കുഴി കൂടിയത്. എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പെടെയുള്ളവർ പ്രത്യേകം ഇടപെടൽ നടത്തിയതിനാലാണ് കുഴിയടച്ചത്. ഇന്നലെ പഴയപടിയായ കുഴിയിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ ചെറിയ സ്ലാബും ഓലക്കീറും വച്ച് ആരോ അപകടമുന്നറിയിപ്പ് നൽകാൻ ശ്രമിച്ചിട്ടുണ്ട്. ശാസ്ത്രീയമായ രീതിയിൽ കുഴിയടയ്ക്കൽ നടത്താൻ ദേശീയപാത നിർമ്മാണക്കമ്പനി തയ്യാറാകണമെന്നാണ് ഉയരുന്ന ആവശ്യം.
ദേശീയപാതയിലേക്ക് എത്തിച്ചേരുന്ന കാളമുറി സെന്ററിൽ നിന്ന് കിഴക്കോട്ട് ചളിങ്ങാട് വരെയുള്ള കയ്പമംഗലം പഞ്ചായത്ത് റോഡ് ശുദ്ധജല പൈപ്പിടുന്നതിനുവേണ്ടി വെട്ടിപ്പൊളിച്ചിട്ട് ഒരു വർഷത്തിലേറെയായി. റോഡ് ഇനിയും പൂർവസ്ഥിതിയിലാക്കാത്തതിനെതിരെ പ്രദേശവാസികളും നാട്ടുകാരും നിരന്തരം പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിട്ടും ഇതുവരെയും പരിഹാരമുണ്ടായിട്ടില്ല. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.