 
ചാലക്കുടി: ക്രിമറ്റോറിയത്തിന്റെ തകർന്ന പുകക്കുഴൽ പുനഃസ്ഥാപിച്ച ശേഷം മാത്രമേ തുടർ നടപടികൾ അനുവദിക്കൂവെന്ന പ്രതിപക്ഷ നിലപാടിൽ നഗരസഭാ കൗൺസിൽ യോഗം അലങ്കോലം. മുദ്രാവാക്യം വിളിയും പരസ്പര വാഗ്വാദവും അരങ്ങേറി. കൗൺസിൽ ഹാൾ ശബ്ദമുഖരിതമായപ്പോൾ എല്ലാ അജണ്ടകളും പാസാക്കിയതായി പ്രഖ്യാപിച്ച് ചെയർമാൻ എബി ജോർജ്ജ് യോഗം അവസാനിപ്പിച്ചു.
തുടർന്ന് പ്രതിപക്ഷ നേതാവും ചെയർമാനും പ്രത്യേകം വാർത്താ സമ്മേളനം വിളിച്ച് നിലപാട് വിശദീകരിച്ചു. പുകക്കുഴൽ മാറ്റുന്നത് അടക്കമുള്ള ക്രിമറ്റോറിയത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ഒരു വർഷത്തോളമായി നിരന്തരം ആവശ്യപ്പെടുന്നതാണെന്ന് ർപ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് പറഞ്ഞു. പുകക്കുഴൽ തകർന്ന് വീഴുകയും മൃതദേഹ സംസ്‌കാരങ്ങൾ മുടങ്ങുകയും ചെയ്തിട്ടും ചെയർമാൻ സാങ്കേതിക കാര്യങ്ങൾ നിരത്തുകയാണ്. ഹൈന്ദവ വിഭാഗത്തിലെ എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നം പരിഹരിച്ചിട്ട് മതി ഇനി കൗൺസിൽ യോഗങ്ങളെന്ന് എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു.
നഗരസഭയിലെയും ഇതര പഞ്ചായത്തുകളിലെയും നൂറുകണക്കിന് കുടുംബങ്ങൾക്കുള്ള ക്രിമറ്റോറിയം പ്രവർത്തനരഹിതമായിട്ടും ഭരണ സമിതി നിസാരവത്കരിക്കുകയാണ്. വിഷയം സപ്ലിമെന്ററി അജണ്ടയായി കൊണ്ടുവന്നത് ഇതിന് തെളിവാണെന്നും പ്രതിപക്ഷം ആരോപിച്ചു. അറ്റകുറ്റ പണികൾക്ക് ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും നടപടികൾ ഉടനെന്നും ചെയർമാൻ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. വർഷങ്ങൾക്ക് മുൻപും അറ്റകുറ്റപ്പണികൾക്കായി ക്രിമറ്റോറിയം അടച്ചിട്ടുണ്ടെന്ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ പറഞ്ഞു.
തുടർന്ന് അജണ്ടയിലേയ്ക്ക് കടക്കാൻ ചെയർമാൻ ശ്രമിച്ചപ്പോൾ സി.എസ്. സുരേഷും വി.ജെ. ജോജിയും മുദ്രാവാക്യം വിളിച്ച് നടപടികൾ തടസപ്പെടുത്തി. കെ.എസ്. സുനോജ്, ബിജി സദാനന്ദൻ എന്നിവരും ചെയർമാന്റെ ഡയസിന് മുന്നിലെത്തി ഇതോടെ അന്തരീക്ഷം വഷളായി. തുടർന്നാണ് ചെയർമാൻ എബി ജോർജ് യോഗം പിരിച്ചുവിട്ടത്.
ക്രിമറ്റോറിയത്തിന്റെ നവീകരണത്തിനായി പലവട്ടം കൗൺസിലിൽ സംസാരിച്ചിരുന്നു. ചെയർമാനെ നേരിട്ടും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ഉചിതമായ നടപടിയുണ്ടാകത്തതിന് കാരണം അലംഭാവമാണ്.
- സി.എസ്. സുരേഷ്, പ്രതിപക്ഷ നേതാവ്.
ക്രിമറ്റോറിയത്തിന്റെ അടിയന്തിര പ്രവൃത്തികൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും.
- എബി ജോർജ്, നഗരസഭാ ചെയർമാൻ