1

തൃശൂർ : കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് എ.ടി.എം കവർച്ചാ കേസ് പ്രതികളെ കോടതിയിൽ ഹാജരാക്കി സേലം സെൻട്രൽ ജയിലിലേക്ക് മാറ്റി. ഹരിയാന പൽവാൽ സ്വദേശികളായ ഇർഫാൻ, സാബിർ ഖാൻ, ഷൗക്കീൻഖാൻ, മുഹമ്മദ് ഇക്രാം, മുബാറക് എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതിനെ തുടർന്ന് തൃശൂർ സി.ജെ.എം രണ്ടാം നമ്പർ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോയത്.

അടുത്തദിവസങ്ങളിൽ ഇരിങ്ങാലക്കുട, വിയ്യൂർ പൊലീസിന്റെ നേതൃത്വത്തിൽ തമിഴ്‌നാട്ടിലെത്തി പ്രതികളെ വിട്ടുകിട്ടുന്നതിന് അപേക്ഷ നൽകും. മാപ്രാണം, തൃശൂർ - ഷൊർണൂർ റോഡ്, കോലഴി എന്നീ മൂന്ന് എ.ടി.എമ്മുകളിലാണ് കവർച്ച നടത്തിയത്. മൂന്ന് സ്‌റ്റേഷൻ പരിധികളായതിനാൽ മൂന്ന് കേസുകളായാണ് കേസെടുത്തത്. അതുകൊണ്ട് മൂന്ന് ഇടങ്ങളിലെയും പൊലീസെത്തി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. അഞ്ച് ദിവസമാണ് ഈസ്റ്റ് പൊലീസ് പ്രതികളെ ചോദ്യം ചെയ്ത് വിവരം ശേഖരിച്ചത്. പ്രതികൾ കവർച്ചയ്ക്ക് ഉപയോഗിച്ച ഗ്യാസ് കട്ടറുകൾ, ഗ്യാസ് കുറ്റികൾ, പണം നിക്ഷേപിച്ചിരുന്ന എ.ടി.എമ്മിലെ ട്രേകൾ, വിഡീയോ ഡിജിറ്റൽ റെക്കാഡർ എന്നിവ തെളിവെടുപ്പിനിടെ കണ്ടെടുത്തിരുന്നു. ഈസ്റ്റ് സി.ഐ ജിജോയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇതിനിടെ ആന്ധ്ര പൊലീസും തൃശൂരിലെത്തി പ്രതികളെ ചോദ്യം ചെയ്തിരുന്നു.