ചെറുതുരുത്തി: ചെറുതുരുത്തി പൊലീസ് സ്റ്റേഷനിലെ പല കേസുകളിലായി പിടികൂടിയ 465 വാഹനങ്ങൾ ലേലം ചെയ്തു വിറ്റു. 2000 മുതൽ 2015 വരെ വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങളാണ് വിൽപ്പന ചെയ്തത്. ഭാരതപ്പുഴയുടെ ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന പൊലീസ് സ്റ്റേഷനായതിനാൽ അനധികൃത മണൽക്കടത്ത് കേസുകളിൽപ്പെട്ടാണ് ഭൂരിഭാഗം വാഹനങ്ങളും ഉണ്ടായിരുന്നത്. തൃശൂർ ജില്ലയിൽ കൂടുതൽ കേസുകളിൽപ്പെട്ട് വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്റ്റേഷനും ചെറുതുരുത്തിയായിരുന്നു.

സ്റ്റേഷനിലെ സ്ഥലം തികയാത്തതിനാൽ വള്ളത്തോൾ നഗർ പഞ്ചായത്ത്, ചെറുതുരുത്തി പഴയ കൊച്ചിൻ പാലത്തിനു സമീപം, ജലസേചന വകുപ്പ് കോമ്പൗണ്ട്, പൊലീസ് സ്റ്റേഷൻ പരിസരം, എ.ആർ ക്യാമ്പ് എന്നിങ്ങനെ ആറിടങ്ങളിലായാണ് വാഹനങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവയിൽ മിക്കതും കാലപ്പഴക്കം മൂലം തുരുമ്പെടുത്ത് നശിച്ച നിലയിലായിരുന്നു.

സ്റ്റേഷനിലെ സീനിയർ സി.പി.ഒ: കെ.ജെ. ജയകുമാറും സി.പി.ഒ: എം.കെ. മിഥുനും ചേർന്ന് കഴിഞ്ഞ ആറു മാസം കൊണ്ട് തയാറാക്കിയ വാഹനങ്ങളുടെ ലിസ്റ്റ് പ്രകാരമാണ് ലേലം നടന്നത്. പിടിച്ചെടുത്ത 715ലേറെ വാഹനങ്ങളിൽ നിന്ന് അവകാശികളില്ലാത്ത 465 എണ്ണമാണ് ലേലം ചെയ്തത്. വിൽപ്പനയ്ക്കായി പഞ്ചായത്തിന്റെയും മറ്റ് അധികൃതരുടെയും നിരന്തര ഇടപെടൽ ഉണ്ടായിരുന്നു.

രണ്ടാഴ്ചയ്ക്കകം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വാഹനങ്ങൾ നീക്കം ചെയ്യും.

- ചെറുതുരുത്തി സി.ഐ. അനന്തകൃഷ്ണൻ, എസ്. ഐ: എ.ആർ. നിഖിൽ

ലേലം ചെയ്തതിൽ

ലേലം ചെയ്തതിൽ മണൽക്കടത്തിന് ഉപയോഗിച്ചവയാണ് 231 വാഹനങ്ങൾ. ഇതിൽ കൂടുതലും മണൽക്കടത്തിനായി ഉപയോഗിച്ച എം 80 വാഹനങ്ങളായിരുന്നു.