koratty

കൊരട്ടി: ദേശീയപാതയിൽ നടക്കുന്ന മേൽപ്പാലം നിർമ്മാണ പ്രവർത്തനങ്ങൾ ഇത്തവണത്തെ കൊരട്ടി മുത്തിയുടെ തിരുനാളിനെ ബാധിക്കുമെന്ന് ആശങ്ക. ജംഗ്ഷനിലെ ഇരുഭാഗത്തും സർവീസ്‌ റോഡിനോട് അനുബന്ധിച്ച് നടക്കുന്ന കാന നിർമ്മാണമാണ് ഗതാഗാതക്കുരുക്കും ഒപ്പം അപടകടങ്ങളും വരുത്തിവയ്ക്കുമെന്ന് ആശങ്കയുണ്ടാക്കുന്നത്. നവ്യ ബേക്കറിക്ക് സമീപം കാന നിർമ്മാണത്തിന് പൊളിച്ചിട്ട ഭാഗത്ത് കഴിഞ്ഞ ദിവസം വീട്ടമ്മയുടെ സ്‌കൂട്ടർ വീണിരുന്നു. മുൻ കരുതലില്ലാതെ കാന നിർമ്മാണം നടക്കുന്നതാണ് അപകടങ്ങൾക്ക് കാരണം.

എന്നാൽ തിരുനാൾ ദിനങ്ങളായ അടുത്ത രണ്ടാഴ്ച ഗതാഗതക്കുരുക്ക് രൂക്ഷമായേക്കും. ശനി, ഞായർ ദിവസങ്ങളിൽ രാപ്പകൽ ഭേദമില്ലാതെ ആയിരങ്ങൾ ഈവഴി ഒഴുകിയെത്തും. ഇതിനൊപ്പം വാഹനങ്ങളും വരും. ഇരു ചക്രവാഹനങ്ങളുടെ പോക്കുവരവായിരിക്കും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുക. കാന നിർമ്മാണം നടക്കുന്ന സർവീസ് റോഡിന്റെ വീതി കുറഞ്ഞ ഒറ്റയടിപ്പാതകളെയാകും ദേശീയ പാതയിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ സ്വാഭാവികമായും കാൽനട യാത്രക്കാർ ആശ്രയിക്കുക. ഇവിടെ കാലൊന്ന് തെറ്റിയാൽ എട്ടടിയിലേറെ ആഴമുള്ള കുഴിയിലേക്ക് വീഴാനും സാദ്ധ്യതയേറെ. തുടർച്ചയായി മഴയുണ്ടായാൽ പ്രശ്‌നം കൂടുതൽ വഷളാകും. ചിറങ്ങര ജംഗ്ഷനിലെ പ്രശ്‌നവും സമാനമാണ്.