തൃശൂർ: ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാനിരിക്കേ സ്ഥാനാർത്ഥി നിർണയം അന്തിമ ഘട്ടത്തിലേക്ക്. സി.പി.എമ്മിൽ മുൻ എം.എൽ.എ യു.ആർ.പ്രദീപിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഏതാണ്ട് ധാരണയായി.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രദീപിന്റെ പേരിന് മുൻതൂക്കം നൽകിയുള്ള ലിസ്റ്റാണ് തയ്യാറാക്കിയത്. ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ നിർദ്ദേശം വയ്ക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശനൻ, എസ്.സി - എസ്.ടി കമ്മിഷനംഗം ടി.കെ.വാസു എന്നിവരുടെ പേരുകളും ചർച്ചയ്ക്ക് വന്നേക്കും. യു.ഡി.എഫിൽ മുൻ എം.പി രമ്യ ഹരിദാസിന്റെ പേരിനാണ് മുൻഗണന. കെ.എ.തുളസി, സി.സി.ശ്രീകുമാർ എന്നിവരുടെ പേരും ചർച്ചയിലുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും രമ്യ ഹരിദാസിന് മണ്ഡലത്തിലുള്ള ബന്ധം സ്ഥാനാർത്ഥി നിർണയത്തിൽ അനുകൂലമായേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്. ബി.ജെ.പിയും കരുത്ത് കാട്ടാനുള്ള തയ്യാറെടുപ്പിലാണ്. തിരുവില്വാമല മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലകൃഷ്ണനെ നിറുത്താനാണ് ആലോചിക്കുന്നത്.ലോക്‌സഭയിൽ മത്സരിച്ച ടി.എൻ.സരസുവിന്റെ പേരും പരിഗണനയിലുണ്ട്.
. നിലവിലെ രാഷ്ട്രീയ സാഹചര്യം എൽ.ഡി.എഫിനെ ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിലും പ്രദീപിന് മണ്ഡലത്തിലുള്ള ജനസമ്മതിയിലാണ് പ്രതീക്ഷ. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചേലക്കര മണ്ഡലത്തിൽ വലിയ ഭൂരിപക്ഷം നേടാൻ കെ.രാധാകൃഷ്ണനായിരുന്നില്ല. തിരുവില്വാമല പഞ്ചായത്തിൽ തുല്യനിലയിലാണ് ബി.ജെ.പി - കോൺഗ്രസ് അംഗങ്ങൾ. നറുക്കെടുപ്പിലൂടെ കോൺഗ്രസാണ് ഭരിക്കുന്നത്.
2021 ലെ വോട്ടിംഗ് നില
എൽ.ഡി.എഫ് 83,415
യു.ഡി.എഫ് 44,015
എൻ.ഡി.എ 24,045
പഞ്ചായത്ത് ഭരണം
#എൽ.ഡി.എഫ്-ചേലക്കര, പാഞ്ഞാൾ, വള്ളത്തോൾ നഗർ, മുള്ളൂർക്കര, ദേശമംഗലം, വരവൂർ
#യു.ഡി.എഫ്- പഴയന്നൂർ, കൊണ്ടാഴി, തിരുവില്വാമല.