 
തൃപ്രയാർ: നാട്ടിക ശ്രീനാരായണ കോളേജിലെ പൂർവ വിദ്യാർത്ഥി ലീന ജോസ് അമ്മയോടൊപ്പം പ്രതിമാസ റീഡിംഗ് സ്റ്റാർ പുരസ്‌കാരം നൽകാൻ വീൽചെയറിലെത്തിയത് വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി. 1993 -95 ൽ കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന ലീന ഇപ്പോൾ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമാണ്.
കോളേജിൽ പഠിക്കുമ്പോൾ പോളിയോ വന്ന കാലുകൾക്ക് താങ്ങാകാൻ അന്ന് വിൽചെയറുകളുണ്ടായിരുന്നില്ല. ക്യാമ്പസിൽ റാമ്പുകളും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ക്ലാസ് മുറിക്കപ്പുറം കോളേജ് ക്യാമ്പസ് മുഴുവനായി കാണാൻപോലും ആകുമായിരുന്നില്ല. തന്റെ കലാസാഹിത്യ അഭിരുചികളെല്ലാം ഉള്ളിലൊതുക്കി ക്ലാസ്മുറിയിലും വീട്ടിലും ഒതുങ്ങിയായിരുന്നു ജീവിതം.
കോളേജിലെ തന്നെ പൂർവ വിദ്യാർത്ഥിയായ മണപ്പുറം എം.ഡി: വി.പി. നന്ദകുമാറാണ് ലീനയ്ക്ക് മോട്ടോറൈസ്ഡ് വീൽചെയർ സമ്മാനിച്ചത്. തന്റെ കർത്തവ്യമേഖലയിൽ ഒരുപാട് സൗഹൃദങ്ങളുണ്ട് ഇന്ന് ലീനയ്ക്ക്. ഒന്നാംവർഷ ബി.കോം വിദ്യാർത്ഥിനിയായ പി.എസ്. ഹൃദ്യ ലക്ഷ്മിക്ക് ലീന പുരസ്‌കാരം സമ്മാനിച്ചു. പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ അദ്ധ്യക്ഷയായി. ലീന ജോസ് ലൈബ്രറിക്ക് പുസ്തകങ്ങൾ സമ്മാനിക്കുകയും ചെയ്തു. ലൈബ്രേറിയൻ മിഥു ലീനയെ പൊന്നാട അണിയിച്ച് ആദരിച്ചു. അദ്ധ്യാപകരായ പി.എ. വിഷ്ണു, ഡോ. കെ.കെ. ശങ്കരൻ, ഡോ. ആര്യ വിശ്വനാഥ്, ഡോ. ശ്രീല കൃഷ്ണൻ, എ.എസ്. പ്രിയങ്ക, ബി. ബബിത, ഡോ. വി.എസ്. രമ്യ, ഡോ. ബീസ ഭാസ്‌കർ എന്നിവർ സംസാരിച്ചു.
സമൂഹത്തിൽ, വീടുകളിൽ കാണുന്ന പരിമിതികളുള്ള ഓരോ മനുഷ്യനുള്ളിലും ഒരു കലാകാരനോ എഴുത്തുകാരനോ ഉണ്ടാകാം. അവരെ ഒന്ന് സഹായിച്ചാൽ ഒരുപാട് ജീവിതങ്ങളിൽ പ്രകാശം നിറയും.
- പി.എസ്. ലീനജോസ്