p

തൃശൂർ: കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ സംസ്ഥാനത്തെ ആയിരത്തിലധികം പ്രാഥമിക,സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ ആവശ്യത്തിന് ഫാർമസിസ്റ്റുകളില്ല. സ്ഥിരം ഫാർമസിസ്റ്റുകൾ കുറവായതിനാൽ 80 ശതമാനത്തോളം ആശുപത്രികളിലും മരുന്നുവിതരണം തടസപ്പെടുന്നു.

കുറഞ്ഞത് രണ്ട് ഫാർമസിസ്റ്റുകളാണ് വേണ്ടതെങ്കിലും പലയിടത്തും ഒന്നേയുള്ളൂ. ഫാർമസിസ്റ്റുകളുടെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറായെങ്കിലും നിയമനം നടക്കുന്നില്ല.

നാഷണൽ ഹെൽത്ത് മിഷൻ വഴിയും ആശുപത്രി മാനേജ്‌മെന്റ് വഴിയും ഫാർമസിസ്റ്റുകളെ താത്കാലികമായി നിയോഗിക്കുന്നുണ്ട്. എന്നാൽ, മരുന്നുവിതരണത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ സ്ഥിരം ഫാർമസിസ്റ്റിനാകും ഉത്തരവാദിത്വം.

നഴ്‌സിംഗ് ജീവനക്കാർക്കും ചുമതല

ഫാർമസിസ്റ്റുകളുടെ അഭാവത്തിൽ, വാക്കാലുള്ള നിർദ്ദേശപ്രകാരം ചിലയിടങ്ങളിൽ നഴ്‌സിംഗ് ജീവനക്കാർ മരുന്ന് വിതരണം നടത്തുന്നുണ്ട്. മുൻപ് ഇത് വ്യാപകമായിരുന്നെങ്കിലും കോടതി ഉത്തരവിനെത്തുടർന്ന് നിയന്ത്രിച്ചിരുന്നു.


ആശുപത്രികളായി ഉയർത്തപ്പെട്ടവ: 1074
ഫാർമസിസ്റ്റുകൾ വേണ്ടത്: 712
നിയമിച്ചത്: 150

കുടുംബാരോഗ്യകേന്ദ്രങ്ങളിൽ മറ്റ് തസ്തികകളിലേതുപോലെ ഫാർമസിസ്റ്റുകളെ നിയമിച്ചിട്ടില്ല. പ്രശ്‌നം ഉടൻ പരിഹരിക്കണം.

-പി.ബബീഷ്, ജനറൽ സെക്രട്ടറി,

കേരള ഫാർമസിസ്റ്റ് യൂണിയൻ