കൈപ്പറമ്പ്: പോന്നോർ-എടക്കളത്തൂർ-ആളൂർ റോഡ് ബി.എം.ബി.സി നിലവാരത്തിലേക്ക്. ഇതോടെ തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ കേച്ചേരിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ഗുരുവായൂർ, ചാവക്കാട് ഭാഗത്തേക്ക് വാഹനങ്ങൾക്ക് സുഗമമായി പോകാനും അമല-പറപ്പൂർ- ചാവക്കാട് പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമാകും. ചെറുവാഹനങ്ങൾ മാത്രം കടന്നു പോകുന്ന പോന്നോർ-എടക്കളത്തൂർ-ആളൂർ റോഡിന്റെ വീതി കൂട്ടുന്നതോടെ വലിയ വാഹനങ്ങൾക്കും തടസമില്ലാതെ സഞ്ചരിക്കാം. 2023-24 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ റോഡിന് രണ്ട് കോടി 50 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഒരു കിലോമീറ്റർ നീളത്തിൽ ഏഴു മീറ്റർ വീതിയിൽ ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിന് ഒരു കിലോമീറ്റർ നീളത്തിൽ കാനയും മൂന്ന് കലുങ്കുകളും നിർമ്മിക്കും. 110 മീറ്ററോളം ഇന്റർലോക്ക് വിരിക്കും. മറ്റ് റോഡ് പ്രവൃത്തികൾക്കും എസ്റ്റിമേറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
നിർമ്മാണോദ്ഘാടനം 13 ന് രാവിലെ 11:30 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും. പദ്ധതിയുടെ നിർമ്മാണോദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതിയോഗം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥന്റെ അദ്ധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാനായി സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ , വർക്കിംഗ് ചെയർമാൻമാരായി വി.കെ. രഘുനാഥൻ, ഉഷാദേവി എന്നിവരെയും, കൺവീനറായി ബേസിൽ ചെറിയാനെയും തെരഞ്ഞെടുത്തു.
 
നിർമ്മാണോദ്ഘാടനം 13ന്