rk1
കയ്പമംഗലം ബീച്ച് റോഡ് സമരസമിതി റോഡിൽ വാഴ നട്ട് പ്രതിഷേധിക്കുന്നു.

കയ്പമംഗലം : മൂന്നുപീടിക ബീച്ച് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ അനങ്ങാപ്പാറ നയം പിന്തുടരുന്നതിനെതിരെയാണ് പ്രതിഷേധമിരമ്പുന്നത്. റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ട് ഇരുചക്ര വാഹന യാത്ര പോലും ദുസ്സഹമായിരിക്കയാണ്. ഇരുചക്ര വാഹന യാത്രികർ റോഡിൽ വീണ് തല പൊട്ടിയ സ്ഥിതിവിശേഷംവരെ ഉണ്ടായി. വിവിധ സംഘടനകൾ നിരവധി തവണ നിവേദനങ്ങളും സമരങ്ങളും നടത്തിയെങ്കിലും അധികൃതർ അതൊന്നും അറിഞ്ഞില്ലെന്ന മട്ടിലാണ്. റോഡിന്റെ ശോചനീയാവസ്ഥയെപ്പറ്റി കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വായനശാലയുടെ പടിഞ്ഞാറ് ഭാഗത്താണ് റോഡ് പൂർണമായും തകർന്നിട്ടുള്ളത്.
അതേസമയം റോഡ് അറ്റകുറ്റപ്പണി നടത്തേണ്ടത് പി.ഡബ്ലിയു.ഡി ആണെന്നാണ് പഞ്ചായത്തിന്റെ വാദം. ഒരു വർഷം മുമ്പ് റോഡ് പി.ഡബ്ലിയു.ഡിക്ക് കൈമാറിയതാണെന്നും അവർ പറയുന്നു. ആര് നേരെയാക്കിയാലും വേണ്ടില്ല, റോഡിന്റെ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം വേണമെന്നാണ് ജനങ്ങളിൽ നിന്നും ഉയരുന്ന ആവശ്യം.

വാഴ നട്ട് പ്രതിഷേധം
തകർച്ചയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ റോഡിൽ വാഴ നട്ട് പ്രതിഷേധം നടന്നു. എ.പി.ജെ. അബ്ദുൾ കലാം റോഡ് നിവാസി കൂട്ടായ്മ, ബീച്ച് റോഡ് വായനശാല, മര്യാദമൂല സൗഹൃദ കൂട്ടായ്മ, സ്റ്റാലിയൻ ക്ലബ്, തീരദേശ വികസന സമിതി എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ 7.30ന് വാഴനട്ട് പ്രതിഷേധം നടന്നത്. ഇ.ആർ. ജോഷി, കെ.ആർ. സത്യൻ, വിശ്വനാഥൻ, സക്കീർ ഹുസൈൻ, നസീർ, റഷീദ്, ഡോ. ഹിരൺ എന്നിവർ പങ്കെടുത്തു.

റോഡിന്റെ ദുരവസ്ഥ സംബന്ധിച്ച് നിവേദനം ലഭിച്ചാൽ പി.ഡബ്‌ളിയു.ഡിയുമായി വിഷയം ചർച്ച ചെയ്യും. എട്ട് ലക്ഷത്തിൽ താഴെ ചെലവ് വരുന്ന പ്രവൃത്തികൾ മാത്രമേ പഞ്ചായത്തിന് ചെയ്യാനാകൂ. റോഡ് വീതി കൂട്ടണമെങ്കിൽ ജനങ്ങളുടെ സഹകരണം അനിവാര്യമാണ്.
- ശോഭന രവി
(കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ്)