പുതുക്കാട്: മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെടുത്ത കുഴി സമീപത്തെ വീട്ടുകാർക്ക് അപകട ഭീഷണിയാകുന്നുവെന്ന് പരാതി. മാനദണ്ഡങ്ങൾ പാലിക്കാതെ പുതുക്കാട് പഞ്ചായത്തിലെ 15-ാം വാർഡിൽ റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് നിർമ്മാണം. മൊബൈൽ ടവർ നിർമ്മാണത്തിന് ഉയർന്ന ഭാഗത്ത് വലിയതോതിൽ മണ്ണ് കുഴിച്ചെടുക്കുന്നതാണ് അപകടസാധ്യത ഉണ്ടാക്കുന്നത്. കൊക്കാലി ഷീനയുടെ വീടും കിണറും പരിസരവും സമീപത്തെ മറ്റു വീട്ടുകാരുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിർമാണ പ്രവർത്തനം നടത്തുമ്പോൾ ഷീനയുടെ അതിർത്തിയിൽ നിന്നും പാലിക്കേണ്ടതായ അകലം പാലിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. സംഭവത്തിൽ പ്രദേശവാസികൾ ജില്ലാ കളക്ടർ, പഞ്ചായത്ത് സെക്രട്ടറി, പുതുക്കാട് പൊലീസ് എന്നിവർക്ക് പരാതി നൽകി.