veed
1

കൊടുങ്ങല്ലൂർ : അഴീക്കോട് അഞ്ചലശ്ശേരി പരേതനായ ലാലുവിന്റെ ഭാര്യ രജനിക്കും രണ്ട് മക്കൾക്കും സുരക്ഷിതമായി തല ചായ്ക്കാൻ വീടൊരുങ്ങുന്നു. സി.പി.എം അഴീക്കോട് ജെട്ടി ബ്രാഞ്ച് കമ്മിറ്റിയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ യൂണിറ്റും സുമനസ്സുകളുടെ സഹായത്താലാണ് വീട് നിർമ്മിച്ച് നൽകുന്നത്. രണ്ടാഴ്ച മുമ്പാണ് ലാലു മരണത്തിന് കീഴടങ്ങുന്നത്. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുന്ന രജനിക്കും മക്കൾക്കും വീടെന്നത് അതോടെ സ്വപ്‌നം മാത്രമാവുകയായിരുന്നു. നിർദ്ധനയായ രജനിയുടെ ദയനീയാവസ്ഥ അറിഞ്ഞ് സി.പി.എം അഴീക്കോട് ജെട്ടി ബ്രാഞ്ച് സമ്മേളനം രജനിക്കൊരു വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ തീരുമാനിക്കുകയായിരുന്നു.
ലാലു മരിച്ചതിന്റെ 16-ാം നാളിൽ വീടിന്റെ നിർമ്മാണത്തിന് തുടക്കമിട്ടു. നിർമ്മാണോദ്ഘാടനം എറിയാട് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമായ കെ.പി. രാജൻ നിർവഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ മുഖ്യാതിഥിയായിരുന്നു. ബ്രാഞ്ച് സെക്രട്ടറി കെ.കെ. നവാസ് അദ്ധ്യക്ഷനായി. ആദ്യ ഫണ്ട് സീന അഷറഫിൽ നിന്നും ലോക്കൽ സെക്രട്ടറി കെ.എ. മുഹമ്മദ് റാഫി ഏറ്റുവാങ്ങി. കെ.എസ്. സതിഷ്, അബ്ദുൾ കരീം (സഫ), പ്രസീന റാഫി, അംബിക ശിവപ്രിയൻ, തമ്പി എം. കണ്ണൻ, പ്രദീപ്, വിൽസി ബൈജു, അഷറഫ് പൂവ്വത്തിങ്കൽ, ജിജി ഷാജി തുടങ്ങിയവർ സംസാരിച്ചു.