1

തൃശൂർ: ഒമ്പത് മാസത്തിനുള്ളിൽ തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയുടെ കോൺക്രീറ്റ് പണി പൂർത്തിയാക്കുമെന്ന് ഹൈക്കോടതിയിൽ കെ.എസ്.ടി.പി അധികൃതരുടെ ഉറപ്പ്. റോഡിന്റെ മുഴുവൻ കുഴികളും അടച്ചെന്നും പല ഭാഗത്തും റീ ടാറിംഗ് നടത്തിയെന്നും സത്യവാങ് മൂലത്തിൽ ബോധിപ്പിച്ചു.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി ജെ.കോടങ്കണ്ടത്ത് അഡ്വ.കെ.ബി.ഗണേഷ് മുഖേന ഹൈക്കോടതിയിൽ കൊടുത്ത ഹർജിയിലാണ് കെ.എസ്.ടി.പി ചീഫ് എൻജിനീയറുടെ സത്യവാങ്മൂലം. തൃശൂർ കളക്ടർ റോഡിന്റെ പണി നിരീക്ഷിക്കാൻ വന്നെന്നും റോഡിന്റെ അറ്റകുറ്റപണിയിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തിയെന്നും വ്യക്തമാക്കി. അറ്റകുറ്റപണി മുഴുവൻ ഒക്ടോബർ ആറിനുള്ളിൽ പൂർത്തിയായെന്ന് കെ.എസ്.ടി.പി കോടതിയിൽ ബോധിപ്പിച്ചു. കഴിഞ്ഞ 15 വർഷമായി അറ്റകുറ്റപണി നടത്താത്ത റോഡായതിനാലാണ് റോഡ് തകർന്നതെന്ന് കോടതിയിൽ ബോധിപ്പിച്ചത്. റോഡിന്റെ അറ്റകുറ്റപണി നടത്താനായി കഴിഞ്ഞ മേയ് 31 ൽ 29 ലക്ഷവും ജൂലായ് 27 ൽ 59.64 ലക്ഷവും ഭരണാനുമതി നൽകി. ഈ സംഖ്യ ഉപയോഗിച്ചാണ് റോഡിന്റെ അറ്റകുറ്റപണി നടത്തിയതെന്ന് കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. റോഡിന്റെ കോൺക്രീറ്റ് പണിക്കായി പുതിയ ടെൻഡർ വിളിച്ചിട്ടുണ്ടെന്നും അത് തുറന്നെന്നും ഹൈക്കോടതിയെ അറിയിച്ചു. സത്യവാങ് മൂലത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഈ മാസം 15 ന് ആക്ഷേപം ബോധിപ്പിക്കാൻ ഹർജിക്കാരന് കോടതി നിർദ്ദേശം നൽകി.