കൊടുങ്ങല്ലൂർ : തീരസുരക്ഷാ പദ്ധതിയുടെ ഭാഗമായി ശ്രീനാരായണപുരം പഞ്ചായത്തിന്റെ കടലോരങ്ങൾ ശുചീകരിക്കൽ 19ന് രാവിലെ മുതൽ നടക്കും. പഞ്ചായത്ത് പരിധിയിലെ എല്ലാ ബീച്ചുകളും ഒരേ സമയം ക്ലീനാക്കും. ബീച്ചുകളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുകയും സി.സി.ടി.വി ക്യാമറകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. തീരസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കയ്പമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് മെമ്പർമാരുടെ നേതൃത്വത്തിലാണ് തീരസുരക്ഷാ പദ്ധതി നടപ്പാക്കുന്നത്. തീരം കേന്ദ്രീകരിച്ചുള്ള വിധ്വംസക പ്രവർത്തനങ്ങളും ലഹരി വ്യാപനവും തടയുന്നതിനൊപ്പം കടലോരങ്ങൾ ശുചീകരിച്ച് മലിനരഹിതമായി നിലനിറുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ശ്രീനാരായണപുരം പഞ്ചായത്തിന്റെ കടലോരങ്ങൾ ശുചീകരിക്കുന്നതിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണം ഇന്നലെ നടന്നു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ജയ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന ശാർങ്ധരൻ അദ്ധ്യക്ഷയായി. ആർ.കെ. ബേബി, ഭഗിലാൽ, ആമിന, ശ്യാമിലി, കൃഷ്‌ണേന്ദു, രേഷ്മ, ഹരിത കർമ്മസേന പ്രതിനിധികൾ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, വാർഡ് വികസന സമിതി അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. സംഘാടക സമിതിയുടെ ചെയർമാനായി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനനെയും കൺവീനറായി ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന ശാർങ്ധരനേയും യോഗം തിരഞ്ഞെടുത്തു.