വടക്കാഞ്ചേരി: അത്താണി-പത്താഴക്കുണ്ട് റോഡിന് ഫണ്ട് അനുവദിച്ചിട്ടും നിർമ്മാണം നടത്താതെ അധികൃതർ. ഷൊർണൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ നിന്ന് അത്താണി വഴി വിനോദസഞ്ചാരകേന്ദ്രങ്ങളായ പൂമല, പത്താഴക്കുണ്ട് ഡാമുകളിലേക്കും മറ്റുമുള്ള പ്രധാന റോഡാണിത്. പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ കുടംബങ്ങളുടെ ഏക ആശ്രയമായ പാതയാണ് ഈ രീതിയിൽ തകർന്നു കിടക്കുന്നത്. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ റോഡിന്റെ ശോചനീയാവസ്ഥ രൂക്ഷമായി. അപകടങ്ങളും നിത്യസംഭവമാണെന്ന് പരിസരവാസികൾ പറയുന്നു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചതായി പ്രസിഡന്റ് മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. റോഡ് തകർന്നതോടെ ബസുകൾ സർവീസുകൾ നിറുത്തിവെക്കുകയാണെന്നും ഓട്ടോറിക്ഷകൾ വാടക വിളിച്ചാൽ വരാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു. മലയോര മേഖലയിലേക്കുള്ള റോഡിൽ ഗതാഗതം ദുഷ്‌കരമായതോടെ ജനജീവിതം സ്തംഭിച്ചസ്ഥിതിയാണ്.

അധികൃതർക്ക് നാട്ടുകാരുടെ
പുരസ്‌കാരം


അത്താണി-പൂമല പാതയിൽ വെടിപ്പാറയിൽ റോഡിൽ ഭീമൻ ചെളിക്കുളം രൂപപ്പെട്ടതിൽ പ്രതിഷേധവുമായി നാട്ടുകാർ.പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നടുവൊടി പുരസ്‌കാരം സമർപ്പിച്ചു. വകുപ്പിന്റെ കീഴിലായിരുന്ന റോഡ് ജില്ലാ പഞ്ചായത്തിന് കൈമാറിയിരുന്നു. കാൽനടയാത്രികൾ റോഡിലെ ചെളി വെള്ളത്തിലൂടെ സഞ്ചരിക്കുന്നത് മൂലം മാരക രോഗങ്ങൾ പടർന്നു പിടികൂടമോ എന്ന ആശങ്കയിലാണ്. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെയാണ് പ്രതിഷേധ സൂചകമായി നടുവൊടി പുരസ്‌കാരം സമർപ്പിച്ച് വേറിട്ട സമരം തീർത്തത്.