 
തൃശൂർ: തെക്കെ മഠത്തിലെ ദുർഗാഷ്ടമി വാക്യാർത്ഥസിനോട് അനുബന്ധിച്ച് സംസ്‌കൃത പണ്ഡിതനുള്ള കലിയത്ത് പരമേശ്വരഭാരതി സുവർണ്ണ മുദ്ര പ്രൊഫ. ചിന്തല പാടി സത്യനാരായണ ശാസ്ത്രികൾക്ക് നടുവിൽ മഠം മൂപ്പിൽ സ്വാമിയാർ പരമേശ്വര ഭാരതി നൽകി. ഡോ. രാമകൃഷ്ണ ഭട്ട് അദ്ധ്യക്ഷനായി. തെക്കെമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി വിദ്വൽസദസ് ഉദ്ഘാടനം ചെയ്തു. ആന്ധ്രാപ്രദേശ് സ്വദേശിയായ ശാസ്ത്രികൾ അദ്വൈതം, ന്യായം, വ്യാകരണം എന്നിവയിൽ പണ്ഡിതനും കാലടി സംസ്‌കൃത സർവകലാശാലാ പ്രൊഫസറുമാണ്. പ്രൊഫ. സത്യനാരായണ ശാസ്ത്രി, കോമനമൂത്തേടത്ത് ജയന്തൻ നമ്പൂതിരിപ്പാട്, പ്രൊഫ. കൃഷ്ണകുമാർ തമ്പുരാൻ, പ്രൊഫ. ഇ.എം. രാജൻ, പ്രൊഫ. കെ.വി. വാസുദേവൻ, പ്രൊഫ. ഇ.ആർ. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. ഡോ. എണ്ണാഴി രാജന്റെ രസഗംഗാധരം, ഡോ. ഏപ്രം നാരായണന്റെ ഛാന്ദസ തത്വ പ്രബോധിനി എന്നീ പുസ്തകങ്ങൾ സ്വാമിയാർ പ്രകാശനം ചെയ്തു.