എരുമപ്പെട്ടി: തൊഴിലാളികൾക്ക് നൂറ് തൊഴിൽദിനം സൃഷ്ടിക്കാനായി, തൊഴിലുറപ്പ് പദ്ധതി വനമേഖലയിലേയ്ക്കും വ്യാപിപ്പിക്കാൻ എരുമപ്പെട്ടി പഞ്ചായത്ത്. എല്ലാ വാർഡിലും പരമാവധി തൊഴിൽ ഇടങ്ങൾ പൂർത്തിയായതോടെയാണ് വ്യത്യസ്ത തൊഴിൽ ഇടം തേടാൻ ഭരണസമിതി രംഗത്തെത്തിയത്. ഭരണസമിതി വടക്കഞ്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് അനുമതിക്കായി കത്ത് നൽകി. പൂങ്ങോട്, പഴവൂർ ഫോറസ്റ്റ് സ്റ്റേഷനുകൾക്ക് കീഴിലുള്ള ചീരാത്ര, ചെറുചക്കിച്ചോല, ചാത്തൻചിറ, കണ്ടൻചിറ, കോഴിക്കോട്ടു മുക്ക്, ചിറ്റണ്ട എന്നീ വനമേഖലകളിലാണ് തൊഴിലുറപ്പ് പദ്ധതിക്ക് കർമ്മപദ്ധതി തയ്യാറാക്കിയത്.
എഴുന്നൂറിലധികം തൊഴിലാളികളാണ് പഞ്ചായത്തിൽ. കഴിഞ്ഞവർഷം 380 പേർ നൂറ് തൊഴിൽ ദിനം നേടിയിരുന്നു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ആസ്തിവികസന പ്രവർത്തനത്തിന് മൂന്ന് വർഷമാണ് കാലാവധി. ജില്ലാ ഫോറസ്റ്റ് ഓഫീസർ രവികുമാർ മീണ നിർദ്ദേശാനുസരണം വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.അശോക് രാജ്, പൂങ്ങോട് ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ മനോജ് കെ.ദാമോദരൻ, എരുമപ്പെട്ടി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ വി.ജെ.ഗീവർ എന്നിവർ പരിശോധന നടത്തി പദ്ധതിക്ക് അനുമതി നൽകി. വനമേഖലയിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഉദ്ഘാടനം ചീരാത്ര വനമേഖലയിൽ വടക്കാഞ്ചേരി റേഞ്ച് ഓഫീസർ ബി.അശോക് രാജ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ അദ്ധ്യക്ഷനായി. ബിന്ദു ഗിരീഷ്, സുമന സുഗതൻ, ഷീജ സുരേഷ്, എം.കെ.ജോസ്, പി.എം.സജി, മാഗി അലോഷ്യസ് എന്നിവർ സംസാരിച്ചു.

ഏഴിനങ്ങളിലായി കർമ്മപദ്ധതി തയ്യാർ

1. മഴക്കുഴി നിർമ്മാണം
2. കയ്യാലക്കെട്ട്
3. മുള നടീൽ
4. വൃക്ഷത്തൈ നടൽ
5. കോണ്ടൂർ ട്രഞ്ചിംഗ്
6. ഗള്ളി പ്ലഗിംഗ്
7. ഫാം പോണ്ട് നിർമ്മാണം.

(കഴിഞ്ഞവർഷം)