ചാലക്കുടി: കുറ്റിക്കാട് ഫാർമേഴ്‌സ് സഹകരണ സംഘത്തിനെതിരെ നടക്കുന്നത് കുപ്രചരണം മാത്രമെന്ന് ഭാരവാഹികൾ. ഓണക്കാലത്ത് നിലവാരമുള്ള അരി പത്ത് കിലോ വീതം സബ്‌സിഡി നിരക്കിലാണ് ഓഹരിക്കാർക്ക് വിതരണം ചെയ്തത്. മോശമായ അരിയാണെന്ന് ആരും പരാതി പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എൽ.ഡി.എഫ് ബാങ്കിലേക്ക് ഇതിന്റെ പേരിൽ മാർച്ച് നടത്തിയത്. ക്വട്ടേഷൻ ക്ഷണിച്ചായിരുന്നു കാലടിയിലെ കമ്പനിയിൽ നിന്നും അരി വാങ്ങിയത്. പുതുതായി അംഗത്വം നൽകിയ 114 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കിയ എ.ആറിന്റെ നടപടിയിൽ രാഷ്ട്രീയമില്ല. പ്രസിഡന്റ് ജോസ് പടിഞ്ഞാക്കര, വൈസ് പ്രസിഡന്റ് ജോസുട്ടൻ കൈതാരത്ത്, ഡയറക്ടർ പി.പി.പോളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അന്വേഷണം നടത്തണം
ഉപയോഗ ശൂന്യമായ അരി വിതരണം ചെയ്ത സംഭവത്തിൽ അന്വേഷണം നടത്തി, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി മേഖലാ യോഗം ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ അരിയെന്ന് പാക്കറ്റിൽ രേഖപ്പെടുത്തിയിരുന്നുവെന്നും ആ.ജെ.ഡി ആരോപിച്ചു. ഡേവിസ് താക്കോൽക്കാരൻ അദ്ധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിക്ക് പരാതി
പരിയാരം: കുറ്റിക്കാട് ഫാർമേഴ്‌സ് സഹകരണ ബാങ്കിൽ ഓണക്കാലത്ത് ഓഹരിക്കാർക്ക് മോശപ്പെട്ട അരി വിതരണം ചെയ്ത് 15 ലക്ഷത്തിന്റെ തിരിമറി നടത്തിയ സംഭവം വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പരാതി നൽകി. അതിരപ്പിള്ളി ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി.ജോസാണ് പരാതി നൽകിയത്. വിജിലൻസ് ഡയറക്ടർക്കും പാരാതി നൽകി. ആർ.ജെ.ഡി കോടശേരി മണ്ഡലം പ്രസിഡന്റ് എൻ.സി.ബോബനും ഇതു സംബന്ധിച്ച് മന്ത്രി വീണാ ജോർജ്ജിന് പരാതി നൽകി.