irachi
1

കൊടുങ്ങല്ലൂർ : അറവിന് ആധുനിക സംവിധാനം ഉറപ്പാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പോലും കാറ്റിൽ പറത്തി, വഴിയോരങ്ങളിൽ എങ്ങും അനധികൃത മാംസവിൽപ്പന കേന്ദ്രങ്ങൾ. ആഴ്ചയിലെ ശനി, ഞായർ ദിവസങ്ങളിലാണ് അധികവും തുറക്കുന്നത്. ഇറച്ചിക്കച്ചവടം സജീവമാണെങ്കിലും കൊടുങ്ങല്ലൂർ താലൂക്കിലൊരിടത്തും അറവുശാലകൾ പ്രവർത്തിക്കുന്നില്ല.

മാംസം എവിടെ നിന്നോയെത്തിച്ചാണ് വിൽപ്പന. പലതും അശാസ്ത്രീയമായും യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. രോഗാവസ്ഥയിലായ മൃഗങ്ങളുടെ ഇറച്ചിയാണോ അല്ലയോ എന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയാണ്. ഇത് പരിശോധിക്കാനുള്ള സംവിധാനവുമില്ല. അതിനായി ആരോഗ്യവകുപ്പിന്റെയോ മറ്റോ പരിശോധനയുമില്ല. സമീപത്തെ വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ അറവുശാലയുടെ നിർമ്മാണം കഴിഞ്ഞെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. മേത്തല പഞ്ചായത്ത് നിലവിലുണ്ടായിരുന്നപ്പോൾ കോട്ടപ്പുറം മാർക്കറ്റിൽ അറവുശാല പ്രവർത്തിച്ചിരുന്നു. അവിടെ ഇറച്ചി വ്യാപാരം നിലച്ചതോടെ അറവുശാലയും ഇല്ലാതായി. ഗുണനിലവാരമുള്ള ഇറച്ചി ലഭിക്കണമെങ്കിൽ ആധുനിക അറവുശാല ഉണ്ടായെങ്കിലേ കഴിയൂ. ഇതിനായി അധികൃതർ സ്ഥലം കണ്ടെത്തി പ്രവർത്തനമാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മൃഗ കശാപ്പ് രഹസ്യ കേന്ദ്രങ്ങളിൽ

പലയിടങ്ങളിലും മൃഗങ്ങളെ കശാപ്പുചെയ്യുന്നത് ഇരുട്ടിന്റെ മറവിൽ രഹസ്യ കേന്ദ്രങ്ങളിലാണ്. ഇതിനായി പ്രത്യേകം ആളുണ്ടത്രേ. 2,500 രൂപ കൂലി കൊടുത്താൽ ഒരു മൃഗത്തെ അറുക്കും. പുത്തൻചിറ, പേൻതുരുത്ത് എന്നിവിടങ്ങളിൽ ആളൊഴിഞ്ഞ പ്രദേശത്ത് മാടുകളെ അറക്കുന്ന സ്ഥലങ്ങളുണ്ടെന്ന് പറയപ്പെടുന്നു. തൊട്ടരികിലുള്ള എറണാകുളം ജില്ലയിലെ കൂട്ടുകാട് എന്ന സ്ഥലത്ത് നിന്നും അറുത്തു കൊണ്ടുവന്ന് ഇറച്ചി വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ പലതും കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്നുണ്ട്.