പെരിങ്ങോട്ടുകര: രാമായണത്തിലെ സേതുബന്ധനത്തെ അനുസ്മരിച്ച് ചെമ്മാപ്പിള്ളി ശ്രീരാമൻ ചിറയിൽ തൃപ്രയാർ തേവരുടെ ചിറകട്ടോണം ഇന്ന് ആഘോഷിക്കും. സേതുബന്ധനത്തിന്റെ സ്മരണയ്ക്ക് ചിറകെട്ടുന്ന ഭൂമിയിലെ ഒരേയൊരിടമാണ് ശ്രീരാമൻ ചിറ. പുലർച്ചെ മൂന്നിന് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിയമവെടി മുഴങ്ങുന്നതോടെ ചിറകെട്ടോണം ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് അവകാശികൾ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ഓണം കൊള്ളും.

താത്കാലിക ക്ഷേത്രത്തിൽ തൃപ്രയാറപ്പനെ സങ്കൽപ്പിച്ച് പൂജ ചെയ്യും. തുടർന്ന് ചെണ്ടമേളം, രാവിലെ ഒമ്പതിന് സ്‌നേഹദീപം ബാൻഡ് സെറ്റ് അവതരിപ്പിക്കുന്ന ബാൻഡ് മേളം, വൈകീട്ട് നാലിന് ശിങ്കാരിമേളവും ഫ്യൂഷനും ഡി.ജെയും ചേർന്ന ഘോഷയാത്ര എന്നിവയുണ്ടാകും. രാവിലെ പതിനൊന്നര മുതൽ ചിറകെട്ടിന്മേൽ ശബരി സത്കാരവും ഉച്ചയ്ക്ക് രണ്ടര മുതൽ കൈകൊട്ടിക്കളിയും. കോക്കാൻ മുക്കിൽ നിന്ന് ആരംഭിക്കുന്ന കുമ്മാട്ടിയും ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നും വൈകീട്ട് ആരംഭിക്കുന്ന എഴുന്നെള്ളത്തും കൂട്ടുമാക്കൽ ക്ഷേത്രത്തിൽ നിന്നും വിഭവസമർപ്പണ ഘോഷയാത്രയും നടക്കും.

തൃപ്രയാർ ക്ഷേത്രം, കൊച്ചി ദേവസ്വം ബോർഡ് എന്നിവരുടെ സഹകരണത്തോടെയാണ് ആഘോഷം. ആനേശ്വരം ബ്രദേഴ്‌സ്, ചൊവ്വ ഫ്രണ്ട്‌സ്, കായമ്പിള്ളി ആൽ സാംസ്‌കാരിക വേദി, ബാപ്പു ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്, കൂട്ടുമാക്കൽ ക്ഷേത്ര ക്ഷേമസമിതി എന്നിവരാണ് നേത്യത്വം നൽകുന്നത്.