 
തൃശൂർ/തൃപ്രയാർ/കുന്നംകുളം : കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് കോളേജുകളിലേക്ക് നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ 29 ൽ 26 കോളേജിലെയും യൂണിയനുകൾ എസ്.എഫ്.ഐ നേടിയതായി ഭാരവാഹികൾ അറിയിച്ചു. അതേസമയം തൃശൂർ ഗവ. ലാ കോളേജ് യൂണിയൻ കെ.എസ്.യു നേടി.
22 വർഷം എ.ബി.വി.പിയുടെ കുത്തകയായിരുന്ന വിവേകാനന്ദ കോളേജ് എസ്.എഫ്.ഐ പിടിച്ചെടുത്തു. നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധനയിൽ തള്ളിപ്പോയ വൈസ് ചെയർപേഴ്‌സൺ ഒഴികെ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. ഈ സീറ്റിൽ എ.ബി.വി.പിയുടെ എൻ.എസ്.അഭിരാമി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞവർഷം വോട്ടെണ്ണൽ വിവാദമായ ശേഷം ഹൈക്കോടതി ഇടപെടലിലൂടെ വീണ്ടും വോട്ടെണ്ണിയ കേരളവർമ്മയിൽ ഒരു അസോസിയേഷൻ ഒഴികെ മറ്റെല്ലാ ജനറൽ സീറ്റിലും എസ്.എഫ്.ഐ ജയിച്ചു. ഒരു അസോസിയേഷൻ കെ.എസ്.യു നേടി. കഴിഞ്ഞതവണ കെ.എസ്.യു പിടിച്ചെടുത്ത സെന്റ് തോമസ് കോളേജ് യൂണിയൻ എസ്.എഫ്.ഐ തിരിച്ചുപിടിച്ചു.
കുട്ടനെല്ലൂർ ഗവ.കോളേജിൽ 21 ൽ 19 സീറ്റും എസ്.എഫ്.ഐ നേടി. ഒല്ലൂർ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 14ൽ 12 സീറ്റും എസ്.എഫ്.ഐയ്ക്കാണ്.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലും പഴഞ്ഞി എം.ഡി കോളേജിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാട്ടികയിലെ മൂന്ന് കോളേജിലെ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. പാർളിക്കാട് വ്യാസ എൻ.എസ്.എസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തുടർച്ചയായി പത്താം തവണയും എസ്.എഫ്.ഐക്ക് വിജയം.
വ്യാസയിൽ മുൻവർഷത്തെ അപേക്ഷിച്ച് ക്‌ളാസ് പ്രതിനിധികളുടെ എണ്ണം ആറിൽ നിന്ന് പതിനാറായെങ്കിലും കെ.എസ്.യുവിന് ഒരു ജനറൽ സീറ്റിൽ പോലും വിജയിക്കാനായില്ല.
രാഷ്ട്രീയാടിസ്ഥാനത്തിലല്ലാതെ നടന്ന തിരഞ്ഞെടുപ്പിൽ, തൃശൂർ വിമല കോളേജിൽ സി.എസ്.അൽഷിബയെ ചെയർപേഴ്‌സനായി തിരഞ്ഞെടുത്തു. അലീന സുരേഷ് (വൈസ് ചെയർ.), എം.എസ്.സിന റോസ് (ജന.സെക്ര), ലെന വർഗീസ് (ജോ.സെക്ര), പി.ജി.ആവണി, നുഹ്ന കാപ്പിൽ (യു.യു.സി).