
കൊടുങ്ങല്ലൂർ : കോടതി സമുച്ചയം സ്ഥാപിക്കാൻ നിർദ്ദേശിച്ച അരാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനടുത്തുള്ള പഴയ ശിൽപ്പി തിയേറ്ററിരുന്ന സ്ഥലം ജില്ലാ ജഡ്ജിയും കളക്ടറും പരിശോധിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. ജില്ലാ ജഡ്ജ് പി.പി.സെയ്തലവി, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ തയ്യാറാക്കുന്ന റിപ്പോർട്ട് പ്രകാരമാകും
കോടതി സമുച്ചയം നിർമ്മിക്കുന്നതിന് ശില്പി തിയേറ്റർ ഇരിക്കുന്ന മുഴുവൻ സ്ഥലവും ഏറ്റെടുക്കണോയെന്ന് തീരുമാനിക്കുക. ഇവർ അധികം വൈകാതെ പരിശോധനാ റിപ്പോർട്ട് നൽകിയേക്കും.
ഇവിടെ നഗരസഭയ്ക്ക് 69 സെന്റ് സ്ഥലമാണുള്ളത്. കൊടുങ്ങല്ലൂർ ബാർ അസോസിയേഷന്റെ ആവശ്യപ്രകാരം ഇതിൽനിന്നും 50 സെന്റ് സ്ഥലം കോടതി സമുച്ചയത്തിനായി വിട്ടു നൽകാമെന്നാണ് നഗരസഭ അറിയിച്ചിരുന്നത്. എന്നാൽ മുഴുവൻ സ്ഥലവും വിട്ട് നൽകണമെന്നാണ് ബാർ അസോസിയേഷന്റെ ആവശ്യം. കോടതി സമുച്ചയം നിർമ്മിക്കുന്നതിന് മുഴുവൻ സ്ഥലവും അത്യാവശ്യമാണെന്ന വിലയിരുത്തലാണ് പൊതുവേയുള്ളത്. കുടുംബ കോടതി ഉൾപ്പെടെ പുതുതായി വരാവുന്ന എല്ലാ കോടതികളും ഒരുമിച്ച് പ്രവർത്തിക്കാൻ ഈ സ്ഥലം മുഴുവൻ വേണം. നിലവിൽ കോടതികൾ പ്രവർത്തിക്കുന്ന റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം മുനിസിപ്പാലിറ്റിക്ക് നൽകുന്ന പക്ഷം ശിൽപ്പി തിയേറ്ററിരുന്നിരുന്ന 69 സെന്റ് സ്ഥലത്ത് നിന്നും 50 സെന്റ് നൽകാമെന്നായിരുന്നു ആദ്യത്തെ തീരുമാനം.
കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് വി.വിനീത, മുൻസിഫ് കെ.കാർത്തിക, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആർ.ഷെറിൻ, കൊടുങ്ങല്ലൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കെ.എസ്.ബിനോയ്, സെക്രട്ടറി വി.എ.സബാഹ്, മുനിസിപ്പൽ ചെയർപേഴ്‌സൺ ടി.കെ.ഗീത, വൈസ് ചെയർമാൻ വി.എസ്.ദിനൽ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ടി.എസ്.സജീവൻ, കെ.ആർ.ജൈത്രൻ, കൗൺസിലർ കെ.എസ്.കൈസാബ്, തഹസിൽദാർ രേവ, താലൂക്ക് സർവേയർ ഷാൻ, നഗരസഭാ സെക്രട്ടറി എൻ.കെ.വൃജ തുടങ്ങിയവർ സംബന്ധിച്ചിരുന്നു.
പ്രക്ഷോഭങ്ങളുടെ ബാക്കിപത്രം
നേരത്തെ മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്ന എറിയാട് പ്രദേശത്ത് കോടതി സമുച്ചയം നിർമ്മിക്കാൻ ജുഡീഷ്യൽ വകുപ്പ് നീക്കം നടത്തിയിരുന്നു. എന്നാൽ നഗരസഭാ അതിർത്തിയിൽ കോടതി സമുച്ചയം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ പ്രതിഷേധവുമായി എത്തിയതോടെയാണ് ഈ സ്ഥലം പരിഗണനയ്ക്കെത്തിയത്.