1

തൃശൂർ : അതിതീവ്രമഴയും ഡാം മാനേജ്‌മെന്റിലെ പിഴവും മൂലം വെള്ളം കയറി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുമെന്ന പ്രഖ്യാപനം നീളുന്നു. നാശനഷ്ടം സംഭവിച്ചവർക്ക് എത്രയും പെട്ടെന്ന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ.രാജനടക്കമുള്ളവർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും ഉത്തരവ് ലഭിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങൾ, വില്ലേജ് ഓഫീസുകൾ വഴി അപേക്ഷകൾ യുദ്ധകാലടിസ്ഥാനത്തിൽ പരിശോധിച്ച് തഹസിൽദാർ വഴി കളക്ടേറ്റിലെത്തിയിട്ട് ഒന്നരമാസമായി. അപേക്ഷകൾ പരിശോധിച്ച് സമഗ്ര റിപ്പോർട്ട് കളക്ടേറ്റിൽ നിന്ന് സർക്കാരിന് കൈമാറിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.

തൃശൂർ, കൊടുങ്ങല്ലൂർ, ചാവക്കാട്, ചാലക്കുടി, കുന്നംകുളം, തലപ്പിള്ളി, മുകുന്ദപുരം താലൂക്കിലായി ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്. കൂടുതൽ നഷ്ടം സംഭവിച്ച തൃശൂർ, തലപ്പിള്ളി താലൂക്കിൽ നിന്നാണ് കൂടുതൽ അപേക്ഷകളും. തൃശൂർ താലൂക്കിൽ നിന്ന് മാത്രം എഴുന്നൂറോളം അപേക്ഷകൾ കൈമാറിയെന്ന് തഹസിൽദാർ പറഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാതെ പീച്ചി, വാഴാനി ഡാമുകൾ തുറന്നതോടെ നിരവധി പഞ്ചായത്തുകളിൽ പതിനായിരത്തിലേറെ വീടുകളിൽ വെള്ളം കയറി.

ജൂലായ് 30 മുതൽ അടുത്തദിവസങ്ങളിൽ അതിതീവ്രമഴയാണ് പെയ്തത്. പീച്ചി, വാഴാനി ഡാമുകൾ 110 സെന്റി മീറ്റർ വരെ തുറന്നു. 2018 ലെ പ്രളയകാലത്ത് പോലും ഇത്രയേറെ തുറന്നിട്ടില്ല. വെള്ളം കയറി വീടുകൾ നഷ്ടം സംഭവിച്ചവർക്ക് മാത്രമേ സഹായം ലഭിക്കൂയെന്നാണ് വിവരം. 2018 ൽ ഉണ്ടായ പ്രളയത്തിന് ശേഷമുള്ള സർക്കാർ ഉത്തരവ് പ്രകാരം പൂർണമായി വീട് തകർന്നവർക്ക് നാല് ലക്ഷം രൂപ വരെ ലഭിക്കും. വെള്ളം കയറി ഭാഗികമായി നാശം സംഭവിച്ചവർക്ക് പതിനഞ്ച് ശതമാനം തുക ലഭിക്കും. നഷ്ടത്തെ അഞ്ച് വിഭാഗങ്ങളാക്കി തിരിച്ച് വിലയിരുത്തിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. മതിൽ തകർന്നവർക്കും വീട്ടിൽ വെള്ളം കയറിയവർക്കും ഇലക്ട്രോണിക്‌സ് ഉപകരണം നഷ്ടമായവർക്കുമൊന്നും നഷ്ടപരിഹാരം ലഭിച്ചേക്കില്ല.

കൃഷിനാശത്തിന് സഹായമെന്ന് ?

പ്രകൃതി ക്ഷോഭത്തിൽ കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ട് വർഷങ്ങളായി. ഒന്നര വർഷത്തിലേറെയായി കുടിശികയാണ്. പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചവർ 24 മണിക്കൂറിനകം തൊട്ടടുത്ത കൃഷിഭവനിൽ വിവരം അറിയിക്കണം. തുടർന്ന് പത്ത് ദിവസത്തിനകം ഓൺലൈനായി അപേക്ഷ നൽകണം. എങ്കിലേ അപേക്ഷ പരിഗണിക്കൂ. 2023 മാർച്ച് 31 വരെയുള്ള അപേക്ഷകളിൽ മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നൽകിയത്.

തകർന്ന റോഡുകൾ എന്ന് നേരെയാകും

പ്രകൃതിക്ഷോഭത്തെ തുടർന്ന് തകർന്ന റോഡും പാലങ്ങളും പുതുക്കിപ്പണിയണമെങ്കിൽ മാസങ്ങളെടുക്കും. പഞ്ചായത്തും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രത്യേക സഹായം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് തദ്ദേശ സ്ഥാപനങ്ങൾ. നേരത്തെ ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് ഭൂരിഭാഗം ഗ്രാമീണ റോഡും തകർന്ന് തരിപ്പണമായി കിടക്കുകയാണ്. മഴക്കാലം കഴിയുന്നതോടെ കൂടുതൽ തകരും.