1

തൃശൂർ : നവരാത്രി ആഘോഷ നിറവിൽ നാളെ ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. ഏറ്റവും കൂടുതൽ കുട്ടികളെ ഏഴുത്തിനിരുത്തുന്ന ചേർപ്പ് തിരുവുള്ളക്കാവിൽ നാളെ പുലർച്ചെ മുതൽ വിദ്യാരംഭച്ചടങ്ങുകളാരംഭിക്കും. കൊടുങ്ങല്ലൂർ എൽത്തുരുത്ത് ശ്രീവിദ്യാപ്രകാശിനി സഭ വക ശ്രീ കുമാര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കേരള കൗമുദിയുമായി സഹകരിച്ച് നടത്തുന്ന വിദ്യാരംഭച്ചടങ്ങുകൾക്ക് ഒരുക്കം പൂർത്തിയായി. ഉപജില്ല മുൻ വിദ്യാഭ്യാസ ഓഫീസർ വി.പി.ശാംഭവി ആദ്യാക്ഷരം പകരും. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ എസ്.എൻ.ബി.പി യോഗത്തിന്റെ നേതൃത്വത്തിൽ നവരാത്രി ആഘോഷം ആരംഭിച്ചു. നാളെ വിജയദശമി ദിവസം ക്ഷേത്രം മേൽശാന്തി വി.കെ.രമേഷ് ശാന്തിയുടെ നേതൃത്വത്തിൽ എഴുത്തിനിരുത്തൽ ചടങ്ങും 8.30 മുതൽ വിദ്യാഗോപാല മന്ത്രാർച്ചനയുമുണ്ടാകും. പാറമേക്കാവ്, തിരുവമ്പാടി, വടക്കുന്നാഥൻ, അശോകേശ്വരം, ഗുരുവായൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട കൂടൽമാണിക്യം, ഊരകം അമ്മത്തിരുവടി ക്ഷേത്രം, ഉത്രാളിക്കാവ്, തിരുവില്വാമല ക്ഷേത്രം എന്നിവിടങ്ങളിൽ നാളെ വിദ്യാരംഭം നടക്കും.