
തൃശൂർ: തൃശൂരിലെ കെ.എസ്. ആർ.ടി.സി ബസ് സ്റ്റാൻഡ് ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കാനുള്ള നടപടിയാരംഭിച്ചതായി പി.ബാലചന്ദ്രൻ എം.എൽ.എ അറിയിച്ചു. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ ആധുനിക സൗകര്യങ്ങളോടെ ശീതീകരിച്ച ലോഞ്ചുകൾ, ബസ്‌ബേകൾ, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിറുത്തിയുള്ള സൗകര്യങ്ങൾ, ശൗചാലയങ്ങൾ എന്നിവയ്ക്ക് പുറമേ ജനങ്ങളും മാദ്ധ്യമങ്ങളും മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം എന്നിവയും ഉൾപ്പെടുത്തി സമഗ്ര മാസ്റ്റർ പ്ലാൻ സമർപ്പിക്കാനും തീരുമാനമായി. മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു, മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, എം.പി.മാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടനകൾ, ചേംബർ ഒഫ് കോമേഴ്‌സ് തുടങ്ങിയവരെ ഉൾപ്പെടുത്തി വിപുലമായ കോൺക്ലേവ് വിളിക്കാനും തീരുമാനമായെന്ന് എം.എൽ.എ അറിയിച്ചു.