 
അന്നമനട: മേലഡൂർ - പുളിക്കകടവ്, അന്നമനട - അമ്പലനട - പൂവ്വത്തുശ്ശേരി റോഡുകളുടെ നവീകരണത്തിനും അന്നമനട ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ഡ്രെയിനേജ് നിർമ്മാണത്തിനും തുടക്കം. 1400 മീറ്റർ നീളത്തിലുള്ള ഡ്രെയിനേജ് സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെയും പഞ്ചായത്തിന്റെയും ശ്രമഫലമായി പൊതുമരാമത്ത് വകുപ്പ് 7.88 കോടി രൂപയാണ് പ്രവൃത്തികൾക്ക് അനുവദിച്ചത്.
ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് പുനർനിർമ്മിക്കും. 13 വർഷം മുമ്പാണ് ഈ റോഡ് പൂർണമായും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ പണിതത്. അന്നമനട അങ്കമാലി
ആലുവ ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡിന്റെ ഭാഗമാണ് അന്നമനട - പൂവത്തുശ്ശേരി റോഡ്. നാലമ്പല തീർത്ഥാടന കാലങ്ങളിൽ മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലേക്ക് പോകുന്നവരുടെ വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകാറ്.
കാലപ്പഴക്കത്താൽ ടാറിംഗ് തകർന്ന് റോഡ് ശോചനീയാവസ്ഥയിലായിരുന്നു. ഇതുമൂലം തീർത്ഥാടകരുടെ വാഹനങ്ങൾക്ക് തടസം നേരിടാറുണ്ട്. രണ്ട് ദേശീയ പാതകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.