
തൃശൂർ : ചേലക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ യു.ആർ.പ്രദീപിന് സാദ്ധ്യതയേറി. ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമായില്ലെങ്കിലും പ്രദീപിന്റെ പേരിനാണ് മുൻതൂക്കം. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും പ്രഥമ പേരായി നിർദ്ദേശിക്കപ്പെട്ടത് യു.ആർ.പ്രദീപാണ്.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശനൻ, കലാമണ്ഡലം ഭരണ സമിതി അംഗം ടി.കെ.വാസു എന്നിവരുടെ പേരുകളും,ലിസ്റ്റിലുണ്ട്. 2016ൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പ്രദീപിന് പകലം 2021ൽ കെ.രാധാകൃഷ്ണനെ മത്സരിപ്പിച്ചു. 39,400 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. നിലവിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ചെയർമാനാണ്. ദേശമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്, സി.പി.എം ചേലക്കര ഏരിയാ കമ്മിറ്റി അംഗം, പി.കെ.എസ് ജില്ലാ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.