അകമലയിൽ വീണ്ടും കാട്ടാന

വടക്കാഞ്ചേരി: നഗരസഭയിലെ അകമലയിൽ വീണ്ടും കാട്ടാന ഇറങ്ങി. പൂക്കുന്നത്ത് സേതുമാധവന്റെ വീട്ടുപറമ്പിലെ 12 തെങ്ങും എടത്തറശേരി പ്രദീപിന്റെ നാല് തെങ്ങും കുത്തിമറിച്ചു. വന്യജീവിശല്യം പ്രതിരോധിക്കാൻ എരഞ്ഞികളത്തിൽ ജയേഷിന്റെ വീടിനോട് ചേർന്ന് സ്ഥാപിച്ച കമ്പിവേലി തകർത്തു. പാടശേഖരങ്ങളിലിറങ്ങിയ ആന വരമ്പുകൾ ചവിട്ടി നശിപ്പിച്ചു. മുണ്ടകൻ കൃഷിക്ക് തയ്യാറാക്കിയ നെൽ ചെടികളും പിഴുതെറിഞ്ഞു. പുത്തൻപുരയിൽ മേരിയുടെ പാടശേഖരത്തിലാണ് വലിയനാശം വിതച്ചത്.

ആന ശല്യം മൂലം ജനങ്ങൾക്ക് സ്വന്തം വീടുകളിൽ കഴിയാനാകാത്ത സാഹചര്യമാണ്.അധികൃതരുടെ അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും.
-ബുഷറ റഷീദ്
നഗരസഭ കൗൺസിലർ


കാട്ടുപന്നി ശല്യം അതിരൂക്ഷം
ആംദ്മി പ്രക്ഷോഭത്തിലേക്ക്

കോലഴി : തിരൂർ,അത്തേക്കാട്, കൊട്ടേക്കാട് , കുറ്റൂർ,കോലഴി പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞദിവസം തെങ്ങിൻ തൈ ഉൾപ്പെടെ നിരവധി കാർഷിക വിളകൾ കാട്ടുപന്നികൾ നശിപ്പിച്ചു. ഈ പ്രദേശങ്ങളിൽ തെരുവുനായകളുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ കോലഴി പഞ്ചായത്ത് നടപടി എടുത്തില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി വടക്കാഞ്ചേരി മണ്ഡലം പ്രസിഡന്റ്് റോയ് പുറനാട്ടുക്കര ,സെക്രട്ടറി സേവ്യർ സെബാസ്റ്റ്യൻ, കോലഴി ആം ആദ്മി പ്രസിഡന്റ് ലിൻസൺ എന്നിവർ അറിയിച്ചു.


വന്യ മൃഗ ശല്യത്തിനെതിരെ പാലപ്പിള്ളി മേഖലയിൽ
തോട്ടം മാനേജമെന്റ് തൊഴിലാളി സഖ്യം


വരന്തരപ്പിള്ളി: രൂക്ഷമായ വന്യ മൃഗ ശല്യത്തിനെതിരെ പാലപ്പിള്ളി മേഖലയിൽ തോട്ടം മാനേജ്‌മെന്റ് സംയുക്ത തൊഴിലാളി യൂണിയൻ കൂട്ടായ്മ. കഴിഞ്ഞ ആറ് മാസത്തോളമായി 60 തോളം കാട്ടാനകൾ പാലപ്പിള്ളി മേഖലയിലെ തോട്ടങ്ങളിലെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് മൂപ്ലിയിൽ തൊഴിലാളി യൂണിയൻ പ്രതിനിധികളുടെയും മാനേജ്‌മെന്റിന്റെയും സംയുക്ത യോഗം ചേർന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ ഉത്പാദനം തരുന്ന 30000 ത്തോളം റബർ മരങ്ങളും ആവർത്തന കൃഷി ചെയ്ത 40000 ത്തോളം മരങ്ങളും പാലപ്പിള്ളി, കുണ്ടായി, ചൊക്കന തോട്ടങ്ങളിൽ കാട്ടാനകൾ നശിപ്പിച്ചു. കാട്ടാനകളുടെ ശല്യം മൂലം തൊഴിലാളികൾക്ക് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ പരാതി തയ്യാറാക്കി വനം, തൊഴിൽ, വ്യവസായ മന്ത്രിമാർക്കും കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ടവർക്കും നൽകാൻ സംയുക്ത യോഗത്തിൽ തീരുമാനമായി. വാർഡ് അംഗം സി.എ. ബെനസീർ അദ്ധ്യക്ഷയായി.