1

തൃശൂർ : പത്ത് ദിവസം കഴിഞ്ഞിട്ടും പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് നടപടികളായില്ലെങ്കിലും ഉപതിരഞ്ഞെടുപ്പിൽ വിവാദം കത്തിക്കേറും. അധികം വൈകാതെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതോടെ, വരാൻ പോകുന്ന ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിലെ പ്രധാന വിഷയം ഇതായേക്കും.

സി.പി.ഐ പൂരം കലക്കിയത് ബി.ജെ.പിയും ആർ.എസ്.എസുമാണെന്ന ആരോപണമാണ് ഉയർത്തുന്നത്. എ.ഡി.ജി.പിക്കെതിരെ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. അതേസമയം സി.പി.എം ബി.ജെ.പിക്കായി പൂരം അലങ്കോലപ്പെടുത്തിയെന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. പാലക്കാട് ബി.ജെ.പി ജയസാദ്ധ്യതയുള്ള മണ്ഡലമായി കണക്കാക്കുന്നതിനാൽ ഒരു പടികൂടി കടന്ന് സി.പി.എം സഖ്യം ചേർന്ന് വിജയിപ്പിക്കുമെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്. ചേലക്കരയിലും സി.പി.എമ്മിനെ നേരിട്ട് ലക്ഷ്യമിട്ടാകും പൂരം അലങ്കോലപ്പെടുത്തിയ സംഭവം കോൺഗ്രസ് ഉന്നയിക്കുക. പി.വി.അൻവറിന്റെ കൂടി ആരോപണങ്ങൾ കോൺഗ്രസിന് ഊർജ്ജം പകരുന്നുമുണ്ട്. പൂരം അലങ്കോലപ്പെട്ടെന്ന് സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും കാരണക്കാരെക്കുറിച്ച് ഇതുവരെ വ്യക്തത നൽകുന്നില്ല. അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന നിലപാടാണ് സ്വീകരിക്കുന്നത്.

അതേസമയം എ.ഡി.ജി.പി അജിത്ത് കുമാറിന്റെ റിപ്പോർട്ട് തള്ളിയാണ് മുഖ്യമന്ത്രി എ.ഡി.ജി.പിക്കെതിരെ ഉയർന്ന ആരോപണങ്ങൾ കൂടി അന്വേഷിക്കാൻ ഡി.ജി.പിയെ ഏൽപ്പിച്ചത്. പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവിയും മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് ഇന്റലിജൻസ് എ.ഡി.ജി.പിയും അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘങ്ങളിലെ അംഗങ്ങൾ ആരൊക്കെയെന്ന് തീരുമാനിക്കാൻ ഡി.ജി.പിയെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ ഇതുവരെയും സംഘത്തെ തീരുമാനിച്ചിട്ടില്ല. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ.അജിത്ത് കുമാറിന് പകരം മനോജ് ഏബ്രഹാമും ഇന്റലിജൻസ് മേധാവിയായി പി.വിജയനും കഴിഞ്ഞ ദിവസം ചുമതലയേറ്റിരുന്നു. ഇവരുടെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാകും പുതിയ ടീം.

നിലപാട് കടുപ്പിച്ച് ദേവസ്വങ്ങൾ

പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിക്കുകയാണ് പാറമേക്കാവും തിരുവമ്പാടിയും. നേരത്തെ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇരു ദേവസ്വങ്ങളും മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു. എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ പരാമർശമുണ്ടായിരുന്നു. പാറമേക്കാവ് അഗ്രശാലയിലുണ്ടായ തീപിടിത്തത്തിലെ ദൂരുഹതയും മാറിയിട്ടില്ല. പൂരം അട്ടിമറിയെ തുടർന്ന് ചർച്ചകൾ കത്തി നിൽക്കുന്ന സമയത്ത് ഇത്തരമൊരു സംഭവമുണ്ടായതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സെക്രട്ടറി ജി.രാജേഷ് പറഞ്ഞിരുന്നു. ഭരണസമിതിയോടും പൂരത്തോടും എതിർപ്പുള്ളവരാണ് പിന്നിലെന്നും രാജേഷ് ആരോപിച്ചു.

മൂന്ന് സംഘങ്ങൾ ഇങ്ങനെ

എ.ഡി.ജി.പി എം.ആർ.അജിത്ത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ : ഡി.ജി.പി
പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന : ക്രൈംബ്രാഞ്ച് മേധാവി
മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് സംബന്ധിച്ച് : ഇന്റലിജൻസ് എ.ഡി.ജി.പി.