ksrtc-

തൃശൂർ: തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ആധുനികസൗകര്യങ്ങളോടെ പുനർനിർമ്മിക്കാൻ മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ തീരുമാനമായതിന് പിന്നാലെ നടപടികൾക്ക് വേഗം കൂട്ടി. അടുത്തയാഴ്ച ഗതാഗതമന്ത്രി തൃശൂരിലെത്തി നടപടികൾക്ക് തുടക്കം കുറിക്കും. സ്റ്റാൻഡ് പുനർനിർമ്മാണത്തിനൊപ്പം ഗതാഗത പരിഷ്‌കാരം അടക്കം സ്റ്റാൻഡിന്റെ സമഗ്രമായ മാറ്റങ്ങളും വിശദമായി ചർച്ച ചെയ്യും. വിവിധ മേഖലയിലെ വിദഗ്ദ്ധരും പൊതുജനങ്ങളും യാത്രക്കാരും നൽകുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി സമഗ്ര മാസ്റ്റർ പ്ലാൻ ഉടനെ സമർപ്പിക്കും.

ഇതിനായി ഗവ.എൻജിനീയറിംഗ് കോളേജിനെ നിയോഗിച്ചു. പി.ഡബ്‌ള്യു.ഡിയുടെ സഹായത്തോടെയാണിത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനെ അടിമുടി മാറ്റാനാകുന്ന മാസ്റ്റർ പ്ലാൻ സമർപ്പിച്ച് ഏഴ് വർഷം പിന്നിട്ടിരുന്നു. കഴിഞ്ഞ ഓണാവധിക്കാലത്ത് വൻ തിരക്കിൽ യാത്രക്കാർ നട്ടം തിരിഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്ന് പി.ബാലചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടപടികൾ വേഗത്തിലാക്കി. സ്ഥലമേറ്റെടുപ്പും സാമ്പത്തിക പ്രതിസന്ധിയുമായിരുന്നു മുൻപ് തടസമായിരുന്നത്.

റെയിൽവേയുമായി ബന്ധിപ്പിക്കും?

റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ചായിരുന്നു മുൻപ് വികസനം ലക്ഷ്യമിട്ടത്. അത് സാദ്ധ്യമാക്കാനുള്ള ശ്രമവും ഉടൻ തുടങ്ങും. വിമാനത്താവളത്തിന്റെ മോഡലിൽ പണിയാൻ തുടങ്ങുന്ന റെയിൽവേ സ്റ്റേഷനിലേക്ക് ഇടനാഴി ലക്ഷ്യമിട്ട്, റെയിൽവേ അധികൃതരുമായി ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. മുൻപും റെയിൽവേയുമായി നടത്തിയ ചർച്ചയിലും അനുകൂല നിലപാടായിരുന്നു. പക്ഷേ, നടപടികൾക്ക് തുടർച്ചയുണ്ടായില്ല. എം.പിമാരുടെ ഫണ്ടുകൾ കൂടി ഉപയോഗപ്പെടുത്തി പദ്ധതി വിപുലീകരിക്കാനും ലക്ഷ്യമുണ്ട്.

പ്രതീക്ഷിക്കുന്ന നിർമ്മാണച്ചെലവ്: 15 കോടി

ഒരു ദിവസം തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്ന ബസുകൾ: 1,200
ഡിപ്പോയിലെ ബസുകൾ: 61

പരിഗണിക്കുന്ന ഭൗതികസൗകര്യം


എ.സി ലോഞ്ചുകൾ, സോളാർ പാനലിംഗ്
വരും തലമുറയ്ക്ക് കൂടി പ്രയോജനപ്പെടുന്ന സൗകര്യങ്ങൾ
മൾട്ടിലെവൽ പാർക്കിംഗ്, കഫ്റ്റീരിയ
സ്റ്റീൽ ഫാബ്രിക്കേഷൻ നിർമ്മാണപ്രവർത്തനം

ആവശ്യങ്ങൾ

റെയിൽവേസ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവർ
സ്വരാജ് റൗണ്ട് കേന്ദ്രീകരിച്ച് സർക്കുലർ ബസ് സർവീസ്
കുന്നംകുളം, മുണ്ടൂർ വഴി മെഡിക്കൽ കോളേജിലേക്ക് ബസുകൾ
മണ്ണുത്തി, നെട്ടിശേരി, വിയ്യൂർ വഴി മെഡിക്കൽ കോളേജ് ബസുകൾ
ജി.പി.എസ് അടിസ്ഥാനമാക്കി നഗരത്തിൽ ഫെയര്‍‌സ്റ്റേജ് ഏർപ്പാടാക്കണം

റെയിൽവേ സ്റ്റേഷനുമായി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനെ ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള സൗകര്യങ്ങളും സാദ്ധ്യതകളും നിലവിലുണ്ട്.

പി.കൃഷ്ണകുമാർ
ജനറൽ സെക്രട്ടറി
റെയിൽവേ പാസഞ്ചേഴ്‌സ് അസോ.