subin-
നഷ്ടപ്പെട്ട പണവും രേഖകളും അടങ്ങിയ ബാഗ് പൊലീസുദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ സുബിൻ തിരികെ നൽകുന്നു

തൃശൂർ: വഴിയിൽ വീണുപോയ ഹൃദയശസ്ത്രക്രിയയ്ക്കുള്ള എട്ട് ലക്ഷം തിരികെ നൽകി സത്യസന്ധതയ്ക്ക് മാതൃകയായി മിനറൽ വാട്ടർ വിതരണക്കാരനായ യുവാവ്. പൂത്തോൾ ശങ്കരയ്യറോഡിലുള്ള കളത്തിൽ വീട്ടിൽ സുബിനാണ്, 8 ലക്ഷത്തോളം രൂപയും ആധാർകാർഡും പാൻകാർഡുമടക്കം വിലപിടിപ്പുള്ള രേഖകളും അടങ്ങിയ ബാഗ് ഉടമയ്ക്ക് കൈമാറിയത്.
മിനറൽ വാട്ടർ വിതരണം കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴിയാണ് അച്യുതമേനോൻ പാർക്കിനടുത്തുള്ള റോഡിൽ ബാഗ് കിടക്കുന്നത് കണ്ടത്. ബാഗ് തുറന്നപ്പോൾ കണ്ടത് നിറയെ നോട്ടുകെട്ടുകളായിരുന്നു. ഉടൻ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി.

ബാഗിൽ കണ്ട ഫോൺ നമ്പറിലേക്ക് പൊലീസ് വിളിച്ചയുടനെ കോളെടുത്തയാൾ, പണമടങ്ങിയ ബാഗ് നഷ്ടപെട്ടിട്ടുണ്ടെന്നാണ് പറഞ്ഞത്. ഉടൻ സ്റ്റേഷനിലെത്തിയ ഒല്ലൂക്കര മുളയം സ്വദേശിയായ അദ്ദേഹത്തെ ഇൻസ്‌പെക്ടർ ലാൽകുമാർ ആശ്വസിപ്പിച്ചു. അടുത്തയാഴ്ച ഓപ്പറേഷൻ നടക്കാനിരിക്കുകയാണെന്നും പണം ബാങ്കിൽ നിന്നും എടുത്ത് വീട്ടിലേക്ക് പോകുമ്പോൾ നഷ്ടപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സുബിൻ ബാഗ് പൊലീസുദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തെ ഏൽപ്പിച്ചു. ബാഗിനോടൊപ്പം സുബിനെയും അദ്ദേഹം നെഞ്ചോട് ചേർത്തുപിടിച്ചു. ബാഗിലുണ്ടായിരുന്നതെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തി തിരിച്ചുപോകുമ്പോൾ തന്റെ ജീവനാണ് തിരിച്ചുതന്നതെന്നും അറിയിച്ചശേഷമാണ് ഉടമ മടങ്ങിയത്. സുബിനെ പൊലീസുദ്യോഗസ്ഥരും അഭിനന്ദിച്ചു.


ഇത്തരം സന്ദർഭങ്ങളിൽ 112 എന്ന എമർജൻസി നമ്പരിലേക്ക് വിളിച്ച് ഉടനെ വിവരം അറിയിക്കണം.

പൊലീസ്.