
തൃശൂർ : വിദ്യാരംഭ ദിനത്തിൽ ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് ഹരിശ്രീ കുറിച്ചു. ഉണക്കലരിയിലും നാവിൻതുമ്പത്തും ഹരീശ്രീ കുറിച്ചായിരുന്നു ആദ്യക്ഷരം കുറിച്ചത്. രാവിലെ സരസ്വതി പൂജയ്ക്ക് ശേഷം പൂജയെടുപ്പ് കഴിഞ്ഞ ശേഷമാണ് ചടങ്ങാരംഭിച്ചത്. തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ ആയിരക്കണക്കിന് കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. എഴുത്തിനിരുത്തൽ ചടങ്ങിൽ തിരുവുള്ളക്കാവ് വാരിയത്തെ ടി.വി.ശ്രീധരൻ വാരിയരുടെ നേതൃത്വത്തിൽ അറുപതോളം ആചാര്യന്മാർ നേതൃത്വം നൽകി. ഇന്നലെ പുലർച്ചെ ആരംഭിച്ച എഴുത്തിനിരുത്തൽ ചടങ്ങ് ഉച്ചവരെയും തുടർന്ന് വൈകീട്ടും നടന്നു. ക്ഷേത്രം മേൽശാന്തി മഴമംഗലത്ത് തരണനെല്ലൂർ രമേശൻ നമ്പൂതിരിപ്പാട് നേതൃത്വം നൽകി. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ എസ്.എൻ.ബി.പി യോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാാരംഭത്തോടെ നവരാത്രി ആഘോഷം സമാപിച്ചു. എഴുത്തിനിരുത്തൽ ചടങ്ങുകൾക്കും വിദ്യാഗോപാല മന്ത്രാർച്ചനയ്ക്കും ക്ഷേത്രം മേൽശാന്തി വി.കെ.രമേഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. പാറമേക്കാവ്, തിരുവമ്പാടി, വടക്കുന്നാഥൻ, അശോകേശ്വരം, ഗുരുവായൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട കൂടൽമാണിക്യം, ഊരകം അമ്മത്തിരുവടി ക്ഷേത്രം, ഉത്രാളിക്കാവ്, തിരുവില്വാമല ക്ഷേത്രം എന്നിവിടങ്ങളിൽ വിദ്യാരംഭച്ചടങ്ങ് നടന്നു. തെക്കേമഠം സരസ്വതി മണ്ഡപത്തിൽ വിദ്യാരംഭച്ചടങ്ങിന് തെക്കേമഠം മൂപ്പിൽ സ്വാമിയാർ ഭദ്രദീപം കൊളുത്തി. ഡോ.വടക്കുമ്പാട്ട് നാരായണൻ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ഇന്ദിര, മുരളി കൊളങ്ങാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.